വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ: രൂക്ഷ വിമർശനവുമായി പി ജയരാജൻ

ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

'കേരളത്തിലെ ഇപ്പോഴത്തെ എസ്ൻഡിപി യോ​ഗത്തിൻ്റെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. ആ നടേശൻ ചെയ്യുന്ന കൃത്യം നമ്മൾ ചരിത്രത്തിലൂടെ നോക്കുമ്പോൾ രണ്ട് തോണിയിൽ കാല് വെച്ച് നിന്നുള്ള നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. വെള്ളാപ്പള്ളി എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി. കേരളത്തിലെ അന്നത്തെ സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ നായകസ്ഥാനത്ത് വരികയാണ്. പിന്നെയോ മകനെ ബിഡിജെഎസിൻ്റെ സംസ്ഥാന നേതാവാക്കി. ആ ബിഡിജെഎസ് ആരുടെ കൂടെയാ, സംഘപരിവാർ ശക്തികളുടെ കൂടെയാണ്. അദ്ദേഹത്തിൻ്റെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർത്ഥികളെ വെള്ളപൂശാൻ വേണ്ടി നടക്കുന്നു. സം​ഗതി മനസ്സിലായോ, ഈ ബഹുമുഖ വേഷം അത് കേരളീയ സമൂഹം തിരിച്ചറിയണം എന്നാണ് എനിക്ക് പറയാനുള്ളത്' എന്നായിരുന്നു പി ജയരാജൻ്റെ പ്രസം​ഗത്തിൽ വ്യക്തമാക്കിയത്.

സിപിഐഎം സംസ്ഥാന സമിതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് പി ജയരാജൻ്റെ പരസ്യ പ്രതികരണം എന്നതാണ് ശ്രദ്ധേയം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സമിതിയിൽ ഉയർന്നിരുന്നു. വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനം വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യവും സംസ്ഥാന സമിതിയിൽ ഉയർന്നിരുന്നു. വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതയും ശക്തമായി എതിര്‍ക്കുമെന്ന ആവശ്യവും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ചിരുന്നു. 

Content Highlights: CPM leader P Jayarajan has strongly criticized SNDP Yogam General Secretary Vellappally Natesan, accusing him of double-dealing and putting his feet in two boats at the same time. Read the full story on this political controversy in Kerala

To advertise here,contact us