കൊച്ചി: അന്തരിച്ച നടന് സലിം കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ജനം. രാവിലെ എട്ട് മണിയോടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും നടന്റെ മൃതദേഹം പറവൂരിലെ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. ശേഷം അവസാനമായി ലാഫിങ് വില്ലയിലേക്ക്. വീട്ടിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്.
മുഖ്യമന്ത്രി വി ഡി സതീശന്, കെ സി വേണുഗോപാല്‍, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എംഎല്‍എയായ രമേശ് പിഷാരടി, സംവിധായകന് കമല്‍, നടന് ജയറാം, നടി നവ്യ നായര്‍ തുടങ്ങി നിരവധിപ്പേര്‍ ടൗണ്‍ ഹാളിലെത്തി. മൂന്ന് മണിയോടെ വീട്ടുവളപ്പിലാണ് സലിം കുമാറിന്റെ ഭൗതിക ശരീരം സംസ്കരിക്കുക. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.
2000 മുതൽ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിൻ്റെ സിനിമാ ജീവിതത്തിലെ സുവർണകാലം. തെങ്കാശി പട്ടണത്തിലെ കള്ളൻ, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.
ഹാസ്യവേഷം മാത്രമല്ല കൂടുതൽ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാർ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിനു നേടികൊടുത്തു.
1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
മാല്യങ്കര എസ്എൻഎം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജിൽ ബിരുദ പഠനത്തിനിടെ എംജി സർവകലാശാല കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ മൂന്ന് തവണ വിജയിയായി. അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിൻ കലാഭവനിൽ എത്താനായത് സലിം കുമാറിൻ്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാർ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.
Content Highlights: Crowds Throng to Pay Last Respects to Late Actor Salim Kumar