സംസ്ഥാന കോൺഗ്രസിൽ പുനസംഘടന അതിവേ​ഗത്തിൽ ഉണ്ടാകും; കെപിസിസി യോഗത്തിൽ കെ സി വേണുഗോപാൽ

മന്ത്രിസഭാ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നു

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുനസംഘടന അതിവേ​ഗത്തിൽ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ കെപിസിസി യോ​ഗത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാരണമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടി പുനസംഘടന നേരത്തെ പൂർത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

മനുഷ്യ നിർമ്മിത പ്രളയത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യം. ഡാമുകൾ തുറക്കാതെ പ്രളയം സൃഷ്ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയർന്നത്. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആണ് ആവശ്യം ഉന്നയിച്ചത്. മന്ത്രിസഭാ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ പ്രവീൺകുമാറാണ് വിമർശനം ഉന്നയിച്ചത്. കോഴിക്കോടിൻ്റെ അയോഗ്യത വ്യക്തമാക്കണമെന്നും കെ പ്രവീൺകുമാർ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ പരിഗണിച്ചില്ലെങ്കിലും വികസന കാര്യങ്ങളിൽ പരിഗണിക്കണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു.

സർക്കാരിനെയും പാർട്ടിയെയും ഏകോപിപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും കെപിസിസിയിലുയർന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം ഉന്നയിക്കപ്പെട്ടത്. രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്‌മണ്യനാണ് ആവശ്യം ഉന്നയിച്ചത്. എൻ സുബ്രഹ്‌മണ്യന്റെ നിർദ്ദേശത്തെ പി ജെ കുര്യനും എം എം ഹസനും പിന്തുണച്ചു.

മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തിൽ കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നു. ബന്ധുക്കളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്ന് എം എം ഹസൻ പറഞ്ഞു. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും ഹസൻ പറഞ്ഞു. ശുപാർശകളുമായി വരുമ്പോൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും യോഗത്തിൽ വ്യക്തമാക്കി. പത്ത് വർഷമായി ഉപദ്രവിച്ചവർക്ക് വേണ്ടി ശുപാർശയുമായി വരരുത്. ശുപാർശ ഏറ്റെടുക്കും മുമ്പ് സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശുപാർശകൾ കൃത്യമായി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കൂ. സർക്കാർ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിൽ ഒരിക്കൽ റിവ്യൂ ചെയ്യും. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് തന്നെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത്. അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: The Kerala Pradesh Congress Committee (KPCC) has demanded a thorough investigation into the man-made floods that affected the state. The resolution was passed during a recent KPCC meeting, highlighting concerns over human factors contributing to severe flooding in Kerala.

To advertise here,contact us