'ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ​ഗുരുതര കുറ്റകൃത്യം;' എസ്എഫ്ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ​ഗുരുതര കുറ്റകൃത്യമാണെന്നാണ് കോടതി നിരീക്ഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ​ഗുരുതര കുറ്റകൃത്യമാണെന്നാണ് കോടതി നിരീക്ഷണം.

'പ്രതിഷേധക്കരെ നീക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ പ്രവർത്തകർ കല്ലെറിഞ്ഞു. അൽപ്പം മാറിയിരുന്നെങ്കിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേനെ. അക്രമത്തിൽ പ്രതികളുടെ പങ്ക് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വിജയ് വിമലിനെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. കേസിൽ ഇരുപത്തിയാറാമത്തെ പ്രതിയാണ് വിജയ് വിമൽ. അഞ്ചുതെങ്ങ്‌ ഗ്രാമ പഞ്ചായത്ത് അം​ഗംവും കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.അറസ്റ്റിലായ വിജയ് വിമൽ സംഘർത്തിൽ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്ഐ പറഞ്ഞിരുന്നത്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിച്ചിരുന്നു.

Content Highlights: A court has rejected the bail plea of SFI district president Vijay Vimal in the ED officials attack case. Investigation is ongoing

To advertise here,contact us