'ശസ്ത്രക്രിയ കഴിഞ്ഞ കാല്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് പുഴു അരിച്ച നിലയില്‍', നടപടി വൈകിയെന്നും കുടുംബം

ചികിത്സാപ്പിഴവില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ മുരളീധരനും മെഡിക്കല്‍ കോളേജ് പൊലീസിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രിക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്ന 61കാരന്റെ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരവസ്ഥ ഉണ്ടായത്. ചികിത്സാപ്പിഴവില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ മുരളീധരനും മെഡിക്കല്‍ കോളേജ് പൊലീസിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ശസ്ത്രക്രിയില്‍ കമ്പിയിട്ട രാജേന്ദ്രപ്രസാദിന്റെ കാല്‍ പതിയെ ഉയര്‍ത്തി നോക്കിയപ്പോഴാണ് പുഴുവുണ്ടെന്നത് ചെറുമകന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വാര്‍ഡിലേക്ക് മാറ്റുന്നതിനിടയിലാണ് സംഭവം. ഇതോടെ ഡ്യൂട്ടിയിലുള്ള നഴ്‌സിനോട് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. വാഹനാപകടത്തിലാണ് രാജേന്ദ്രപ്രസാദിന് പരിക്കേല്‍ക്കുന്നത്.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെയാണ് മുറിവിന്റെ അവസ്ഥ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് വിവരം. ആശുപത്രി അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

Content Highlights: A 61-year-old man who underwent surgery at Thiruvananthapuram Medical College has reportedly developed a severe infection, including maggot infestation in his leg

To advertise here,contact us