തിരുവനന്തപുരം: ശ്രീകാര്യത്ത് വന്‍ 'കഞ്ചാവ് ചെടി വേട്ട'. ഫ്ളാറ്റില്‍ വളര്‍ത്തിയ 70 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഹരിയാന സ്വദേശിയായ ഐടി ജീവനക്കാരന്റെ ഫ്ളാറ്റിലാണ് ചെടികള്‍ കണ്ടെത്തിയത്. ചര്‍ക്കിദ്രതി വിശാല്‍ എന്നയാള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ ശ്രീകാര്യം പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പേപ്പര്‍ ട്രേയിലുമായിരുന്നു ചെടികള്‍ വളര്‍ത്തിയത്. ഉപയോഗത്തിന് ശേഷം കഞ്ചാവിന്റെ വിത്തുകള്‍ നട്ടുവളര്‍ത്തുകയായിരുന്നു പ്രതി. മുറിയില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായാണ് ശ്രീകാര്യം പൊലീസ് വിശാലിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തിയത്.
ഇരുപത്തിയാറുകാരനായ വിശാല്‍ ഒന്നരലക്ഷം രൂപ മാസശമ്പളമുളള ഐടി കമ്പനി മാനേജറാണ്. ഫ്ളാറ്റില്‍ ചെടിച്ചട്ടികള്‍ വാങ്ങി കംപോസ്റ്റും മണ്ണും നിറച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. മൂപ്പെത്താത്ത ചെടികള്‍ താന്‍ ചട്നിയുണ്ടാക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് വിശാല്‍ പൊലീസിനോട് പറഞ്ഞു. പാലില്‍ അരച്ചുചേര്‍ത്തും കുടിക്കുമായിരുന്നു. മൂപ്പേറിയ ചെടികള്‍ താന്‍ ഉപയോഗിക്കാറില്ലെന്നും പൊലീസിനോട് വിശാല്‍ പറഞ്ഞു.
'കൃഷി' ചെയ്ത് വിളവെടുക്കുന്ന കഞ്ചാവ് മുഴുവന്‍ വിശാല്‍ തന്നെ ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. പുറത്തുവിറ്റ് കാശാക്കാനൊന്നും വിശാല്‍ ശ്രമിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഫ്ളാറ്റിൽ നിന്നും തന്നെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഹരിയാനയിലും മറ്റും കഞ്ചാവിന്റെ ഉപയോഗം സര്‍വ്വസാധാരണമാണെന്നും കേരളത്തില്‍ ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും.
Content Highlights: IT employee arrested for growing drug plants in flat; Accused says he grew them to make chutney