തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്. സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതിൽ മുൻ മന്ത്രി മറുപടി പറയണമെന്ന് വി വി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഒരു കെട്ടിടം സ്കൂളിൽ പ്രവർത്തിക്കുന്നുവെന്ന് കരുതി ആ സ്കൂളിനെ നോക്കാതിരിക്കാൻ ആകില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ നവീകരിച്ച കെട്ടിടമാണ് പൊളിഞ്ഞു വീണത്. പൊളിച്ചു കളയാൻ തീരുമാനിച്ച കെട്ടിടം ആരാണ് പൈതൃക നിർമ്മിതിയായി നിലനിർത്തിയതെന്നും മേയർ ചോദിച്ചു. സംഭവത്തിൻ്റെ സമഗ്ര അന്വേഷണത്തിന് കോർപ്പറേഷൻ കത്ത് നൽകുമെന്നും അശാസ്ത്രീയ നിർമ്മാണത്തെപ്പറ്റിയും പണം ചിലവഴിച്ചതിനെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും അദേഹം പറഞ്ഞു.
'മൂന്ന് കോടി മുടക്കി നവീകരിച്ച കെട്ടിടമാണ് തകർന്ന് വീണത്. അതിന്റെ ശിലാഫലകം കെട്ടിടത്തിൽ തന്നെയുണ്ട്. കോർപ്പറേഷൻ കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചു കൊടുക്കുക എന്നത് കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്തിട്ടുണ്ട്'; എന്നാണ് മേയർ വി വി രാജേഷ് പറഞ്ഞത്.
അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്കൂള്‍ കെട്ടിടത്തിലെ സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേൽക്കൂരയാണ് ഇന്ന് തകര്‍ന്നു വീണത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്സ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
Content Highlights: Following the school building collapse incident, the Mayor stated that the former Chief Minister should respond, noting that the structure had been renovated with significant public funds.