'അമ്മ' സംഘടനയിലെ പ്രശ്‌നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണം; ആവശ്യമെങ്കിൽ സർക്കാർ ഇടപെടും:PC വിഷ്ണുനാഥ്

നാളെ വൈകിട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുമെന്നും മന്ത്രി

കൊച്ചി: 'അമ്മ' സംഘടനയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സംഘടനയിലെ പ്രശ്‌നങ്ങള്‍ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് മന്ത്രി പറഞ്ഞു. സിനിമാ വ്യവസായത്തില്‍ അല്ല പ്രശ്‌നങ്ങളെന്നും താരസംഘടനയിലാണ് പ്രശ്‌നമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു. സംഘടനയിലെ പ്രശ്‌നങ്ങളില്‍ പരാതി ലഭിച്ചില്ലെങ്കിലും ഇടപെടേണ്ട സമയം വന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

നാളെ വൈകിട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഞാനിതുവരെ കണ്ടിട്ടില്ല. താര സംഘടനയ്ക്ക് അകത്തുള്ള കുറേയധികം പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. അതൊന്നും ആശ്വാസ്യകരമായ രീതിയില്‍ അല്ല പോകുന്നത്. ആര് ആര്‍ക്കെതിരെ പറഞ്ഞു എന്നതിലേക്ക് സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ല', മന്ത്രി പറഞ്ഞു.

സിനിമയ്ക്ക് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനം കൊടുക്കുമെന്നും സിനിമാ മേഖലയുമായി ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യാന്‍ പറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ ഒരു സിനിമാ പോളിസിയും ശേഷം ഒരു സിനിമാ നയവും രൂപീകരിച്ചു. ആ നയം അടക്കം പരിശോധിക്കുമെന്നും നിലവിലുള്ള നയം പര്യാപ്തമാണോ ഇല്ലയോ എന്നുള്ളത് പരിശോധിക്കുമെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

Content Highlights: PC Vishnunath about controversies in AMMA

To advertise here,contact us