'ഞാൻ രാധാമണി ചേച്ചീടെയൊന്നും കൊച്ചുമോനല്ല'; മന്ത്രി ബിന്ദു കൃഷ്ണയെ തിരുത്തി 'ബിര്‍ണാണി' താരം ശങ്കു

മന്ത്രിയെ തിരുത്തിയുള്ള ശങ്കുവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

തിരുവനന്തപുരം: അങ്കണവാടിയില്‍ 'ബിര്‍ണാണി' ചോദിച്ച് വൈറലായ ശങ്കു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പരാമര്‍ശത്തെ തിരുത്തിയാണ് ശങ്കു വാര്‍ത്തകളില്‍ ഇടംനേടിയത്. കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്നായിരുന്നു ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ശങ്കു രംഗത്തെത്തിയത്.

'പുതിയ മന്ത്രി ആന്റി പറഞ്ഞു, ഞാന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാന്‍ രാധാമണി ചേച്ചീടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന. എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രേയൂള്ളൂ കാര്യം' എന്നാണ് ശങ്കു വീഡിയോയില്‍ പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പരാമര്‍ശമുണ്ടായത്. ബിര്‍ണാണി ചോദിച്ച കുഞ്ഞ് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്നായിരുന്നു ബിന്ദു കൃഷ്ണ പറഞ്ഞത്. അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അങ്കണവാടികളില്‍ ബിരിയാണി വിതരണം ചെയ്യുന്നതിലുള്ള പ്രയാസവും മന്ത്രി വിശദീകരിച്ചിരുന്നു.

നേരത്തേ, അങ്കണവാടിയിലെ ഭക്ഷണ വിതരണത്തെ കുറിച്ച് ശങ്കു സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അങ്കണവാടിയില്‍ 'ബിര്‍ണാണിയും പൊരിച്ച കോഴിയും വേണം' എന്നായിരുന്നു ശങ്കു പറഞ്ഞത്. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട അന്നത്തെ വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ടിരുന്നു. ശങ്കുവിന്റെ ആവശ്യം മുന്‍നിര്‍ത്തി അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

Content Highlights- Birnani Star Shanku corrected Minister Bindu after a remark involving a family reference during a public event.

To advertise here,contact us