സമൂഹമാധ്യമ പോസ്റ്റ്; സ്കൂൾ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

മെയ് 31-ന് വിരമിക്കാനിരിക്കുകയാണ് ജവാദ്

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന കാരണത്താൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.മെയ് 31-ന് വിരമിക്കാനിരിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തിരുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത്. സമൂഹമാധ്യമത്തിലൂടെ വ്യക്തികളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും കര്‍ശന നടപടി സ്വീകരിച്ചെന്നുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) രംഗത്തെത്തിയിരുന്നു. സസ്‌പെന്‍ഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റര്‍ അധ്യാപകര്‍ ഷെയര്‍ ചെയ്യുമെന്ന് അറിയിച്ചായിരുന്നു പ്രതിഷേധം. 'മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം' എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന അറിയിച്ചത്. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതില്‍ അധ്യാപകര്‍ ക്യാംപെയ്ന്‍ നടത്തുമെന്നും കെഎസ്ടിഎ പറഞ്ഞിരുന്നു.

Content Highlights: VD Satheesan Calls for Withdrawal of Principal’s Suspension Over Social Media Post

To advertise here,contact us