റെയ്ഡ് പൂർത്തിയാക്കി ED മടങ്ങി; കാറിന്‍റെ ചില്ല് തകർത്ത് CPIM പ്രവർത്തകർ;അണികളെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കോഴിക്കോട്ടെയും കണ്ണൂരിലെയും പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും കുപ്പിയേറും ഉണ്ടായി.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലുമാണ് ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായി അണിനിരന്നത്. അണികളും പ്രവര്‍ത്തകരും നേതാക്കളും ഇ ഡിക്കെതിരാ തെരുവിലാണ്. ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

ഇ ഡി മടങ്ങിയതിന് പിന്നാലെ പിണറായി വിജയന്‍ പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏഴ് മണിക്കാണ് ഇ ഡി എത്തിയതെന്നും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പരിശോധന ചിലര്‍ക്ക് മനസംതൃപ്തി നല്‍കുന്നുണ്ട്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് എന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് സംഘടിപ്പിച്ചത് എന്നതിനാല്‍ ബിജെപി-കോണ്‍ഗ്രസ് ഒത്തുകളി സംശയിക്കുന്നതായി സിപിഐഎം ആരോപിക്കുന്നു. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. പിന്നാലെയാണ് റെയ്ഡ്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

Content Highlights: ED returns after completing raid from pinarayi vijayan home CPIM break car window

To advertise here,contact us