'പാഠപുസ്തക അച്ചടി പൂര്‍ത്തിയായി, മെയ് 30-ന് മുന്‍പായി സ്‌കൂളുകളില്‍ പുസ്തകമെത്തും': വിദ്യാഭ്യാസ മന്ത്രി

ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നമുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ജില്ലാ ഹബ്ബുകളിലേക്കുളള നീക്കം പുരോഗമിക്കുകയാണെന്നും മെയ് 30-ന് മുന്‍പായി സ്‌കൂളുകളില്‍ പുസ്തകം എത്തുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ കുറവുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അടക്കം നടത്തിയിട്ട് അലോട്ട്‌മെന്റ് ആരംഭിക്കുമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്നുതന്നെ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിബിഎസ്ഇ പരീക്ഷാഫല പ്രതിസന്ധിയിലും മന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരും സിബിഎസ്ഇ ബോര്‍ഡുമാണ് ചുമതലയിലുളളത്. പക്ഷെ അത് നമ്മുടെ കുട്ടികളെയും ബാധിക്കുന്നുണ്ട്. മൂല്യനിര്‍ണയത്തില്‍ അശ്രദ്ധയും ജാഗ്രത കുറവും ഉണ്ടായി. ആശങ്കയും ബുദ്ധിമുട്ടും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പുനര്‍ മൂല്യനിര്‍ണയത്തിനുളള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഭീമമായ ഫീസ് ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്'- മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയോട് രാഷ്ട്രീയപരമായി എതിര്‍പ്പുണ്ടെന്നും വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പദ്ധതി എംഒയുവില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതി മരവിപ്പിച്ചതുകൊണ്ട് മാത്രം ഒപ്പിട്ടത് നില്‍ക്കുമോ എന്ന് പരിശോധിക്കണം. ഫണ്ട് സ്വീകരിച്ച് തുടങ്ങിയതും സങ്കീര്‍ണ്ണതയാണ്. ഇതിനായി വിശദമായ നിയമോപദേശം തേടും. ഫെഡറല്‍ സംവിധാനമുളള രാജ്യമാണ് നമ്മുടേത്. ഫണ്ട് നല്‍കാന്‍ ഞങ്ങള്‍ പറയുന്നത് അനുസരിക്കണം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. പിഎം ശ്രീ സ്‌കീമിനോടും യുഡിഎഫിന് വിയോജിപ്പുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമാണ്. മുഖ്യമന്ത്രിയാകും അത് സംബന്ധിച്ച തീരുമാനം അറിയിക്കുക'- എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നമുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുറത്തിറങ്ങിയ രണ്ട് ഉത്തരവുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രശ്‌നത്തിന് ഇന്ന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പിടിഎയും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നുളള പ്രാദേശിക സമിതികള്‍ പരിശോധന നടത്തുമെന്നും അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Textbook printing completed, books will reach schools before May 30': Education Minister

To advertise here,contact us