നിഖിൽ പൈലിയുടെ DCC അംഗത്വം: 'നീചമായ പ്രവർത്തി; കേസിൻ്റെ നടപടിക്രമങ്ങളിൽ ആശങ്കയുണ്ട്': ധീരജിൻ്റെ പിതാവ്

ഇത്രയും നീചമായ പ്രവർത്തി നടക്കുമെന്ന് വിചാരിച്ചില്ലെന്ന് പ്രതികരണം

ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അം​ഗമാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരണവുമായി ധീരജിൻ്റെ പിതാവ് രാജേന്ദ്രൻ. ഇത്രയും നീചമായ പ്രവർത്തി നടക്കുമെന്ന് വിചാരിച്ചില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. കൊലയാളികൾ പൊതുസമൂഹത്തിൽ വിലസി നടക്കുകയാണ്. കേസിൻ്റെ നടപടിക്രമങ്ങളിൽ കടുത്ത ആശങ്കയുണ്ട്. വിചാരണ നടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുന്നു. കോൺഗ്രസ് അനുഭാവിയായ തന്നെ ഇതുവരെ ഒരു കോൺഗ്രസ് നേതാവും വിളിച്ച് ആശ്വസിപ്പിച്ചിട്ടില്ല. താൻ വോട്ട് ചെയ്ത കെ സുധാകരൻ പോലും തന്നെ വിളിച്ചില്ലെന്നും ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും രാജേന്ദ്രൻ പറഞ്ഞു. വൈകാരികമായാണ് ധീരജിൻ്റെ പിതാവ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

അതിനിടെ, നിഖിൽ പൈലിയെ ഡിസിസി അം​ഗമാക്കിയ കോൺഗ്രസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്തെത്തി. കൊലക്കേസ് പ്രതികളെ കോൺഗ്രസ് സംരക്ഷിക്കുകയാണ്. പൊലീസ് സംരക്ഷണം നേടിയെടുക്കാനാണ് ഡിസിസി ഭാരവാഹിത്വം നിഖില്‍ പൈലിക്ക് നല്‍കിയത്. നിയമപരമായി പോരാടി പ്രതിക്ക് കൊലക്കയർ വാങ്ങി കൊടുക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു. കോൺഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ശനിയാഴ്ചയാണ് ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയടക്കം അഞ്ചുപേരെ ഇടുക്കി ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തത്. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിൻ്റേതായിരുന്നു നടപടി. മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരെയാണ് നിഖിൽ പൈലിക്ക് പുറമേ നാമനിർദ്ദേശം ചെയ്തത്. ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.

Content Highlights: Rajendran, father of slain student leader Dheeraj, has strongly reacted to the reported Congress move to appoint murder case accused Nikhil Paily as a DCC member

To advertise here,contact us