കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. അന്‍സിബയ്ക്കെതിരെ വ്യാജ കേസ് നല്കി എന്ന് പറഞ്ഞ എക്സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
'മെസേജ് കാരണം കുടുംബത്തില്‍ പ്രശ്നം ഉണ്ടായി. വനിതാ സെല്ലില്‍ പരാതി കൊടുത്തത് എഫ്ഐആര്‍ ഇടാനല്ല. വ്യക്തത വരുത്താനാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിന്റെ സ്പോണ്‍സറിനെ എതിര്‍ത്തത് അന്‍സിബ മാത്രമല്ല. സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല', ലക്ഷ്മിപ്രിയ പറഞ്ഞു.
അന്‍സിബയുടെ വിഷയത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്യണമെന്ന് പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ ഭര്‍ത്താവിന്റെ മുന്നിലിരുന്ന് ഈ മെസേജ് എന്തിന് അയച്ചുവെന്ന് അന്‍സിബ പറയണമെന്നേ ഉണ്ടായിരുന്നുള്ളുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. വിളിച്ചിട്ട് വരാത്തത് കൊണ്ടാണ് ഹില്‍പാലസ് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. ആ പരാതിയില്‍ ഈ രണ്ട് വരിയെ പറഞ്ഞുള്ളു. ഇതിനെ അന്‍സിബ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
'പൊലീസ് സ്റ്റേഷനില്‍ നിന്ന് പല തവണ വിളിച്ചപ്പോള്‍ അന്‍സിബയാണ് തന്നെ മതതീവ്രവാദി എന്നും ജിഹാദി എന്നും പരാമര്‍ശിച്ചതായി പറഞ്ഞത്. ഈ കേസ് ഞാന്‍ കൊടുത്തു എന്ന് പറഞ്ഞ് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് ജനുവരി 24ന് ലോങ് മെസേജ് ഇടുകയായിരുന്നു. മോളേ, ഇതൊക്കെ വളരെ സെന്‍സിറ്റീവായ കാര്യങ്ങളാണ്, ഇത്തരം കാര്യങ്ങള്‍ നമ്മള് തൊട്ടുകളിക്കരുത്, സമൂഹത്തില്‍ വളരെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണ് എന്ന് ഞാന്‍ പറഞ്ഞു', ലക്ഷ്മിപ്രിയ പറഞ്ഞു.
ടിനി ടോം എന്ന വ്യക്തി നേരത്തെ അറിയാവുന്ന ആളാണെന്നും ടിനി ടോമിനെ നേരിട്ട് അറിയുന്ന എല്ലാവര്ക്കും അദ്ദേഹം ഇങ്ങനൊരു പരാമര്‍ശം നടത്തുന്ന വ്യക്തിയല്ലെന്ന് അറിയാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. സ്ത്രീകളെ ഏറ്റവുമധികം ബഹുമാനിക്കുകയും രസത്തില്‍ തോളില്‍ കയ്യിട്ട് ചേര്‍ന്ന് സംസാരിക്കാന്‍ പറ്റുന്ന, ഏത് പാതിരാത്രിയും വിളിക്കാന്‍ പറ്റുന്ന, സൗഹൃദം സൂക്ഷിക്കാന്‍ പറ്റുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴുള്ള എല്ലാ കഥകള്‍ക്കും പിന്നില്‍ നീനാ കുറുപ്പാണ്. ജിഹാദി എന്ന് നീനാ കുറുപ്പ് കേട്ടു എന്നാണ് അന്‍സിബ പറയുന്നത്. അന്‍സിബയോട് ടിനി ടോം നേരിട്ട് പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
'അവിഹിത കഥകള്‍ പറഞ്ഞു എന്ന് പറഞ്ഞ് ആദ്യത്തെ എക്സിക്യൂട്ടീവ് യോഗം അന്‍സിബ സ്തംഭിപ്പിച്ചു. അന്‍സിബ അവിഹിതം എന്നത് പൊതുവേ ഉപയോഗിക്കുന്ന വാക്കാണ്. അന്‍സിബ കരഞ്ഞപ്പോള്‍ അവളെ കെട്ടിപ്പിടിച്ചിരുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അന്‍സിബ പറയുന്നത് വേറെ കഥകളാണ്. അതൊന്നും ഇവിടെ നടന്ന കഥയല്ല. സെക്രട്ടറി, നീന കുറുപ്പ് എന്നിവരടങ്ങിയ സംഘം ഞങ്ങള്‍ക്കെതിരെയാണ് ഗൂഢാലോചന നടത്തുന്നത്', ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.
തനിക്ക് അമ്മയുടെ ഓഫീസിലേക്ക് ഒരു മാസത്തേക്ക് വിലക്കാണെന്നും നീന കുറുപ്പിനെ പ്രീതിപ്പെടുത്താന്‍ കുക്കു പരമേശ്വരൻ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അംഗങ്ങള്‍ അറിയാതെ സെക്രട്ടറി പല കാര്യങ്ങളും ചെയ്യുന്നുവെന്നും അമ്മയിലെ പ്രസിഡന്റ് പോലും പല കാര്യങ്ങളും അറിയുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
'മെമ്മറി കാര്‍ഡ് അന്വേഷിക്കാന്‍ കമ്മീഷന് വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. തെറ്റുകള്‍ ചൂണ്ടി കാട്ടുന്നവരെ മോശക്കാരാക്കുന്നു. കുടുംബ സംഗമത്തില്‍ അസഭ്യം പറഞ്ഞത് നീനകുറുപ്പാണ്. ടിനിയല്ല. ടിനി ടോമിനെതിരെ പരാതി കൊടുക്കാന്‍ എന്തുകൊണ്ട് ഇത്രയും വൈകി. സെക്രട്ടറിയേറ്റില്‍ നീനകുറുപ്പിനെയും കൂട്ടി സെക്രട്ടറി പോകുന്നത് എന്തിനാണ്. ഇതിന്റെ ചിലവ് ആര് വഹിക്കും. കണക്കുകള്‍ ചോദിച്ചാലും സെക്രട്ടറി യോഗത്തില്‍ അവതരിപ്പിക്കാറില്ല. കഴിഞ്ഞ യോഗത്തില്‍ ശ്വേത മേനോനും, ടിനി ടോമും, ഞാനും രാജിക്കൊരുങ്ങിയിരുന്നു', ലക്ഷ്മിപ്രിയ പറഞ്ഞു.
അന്‍സിബ അയച്ച രാജിക്കത്ത് സെക്രട്ടറി മെയിലില്‍ നിന്ന് ഡിലീറ്റ് ചെയ്തു. അന്‍സിബ പരാതി നല്‍കിയത് അംഗങ്ങള്‍ അറിയില്ല. കമ്മറ്റിയിലെ പുരുഷന്മാര് ഒരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. സ്ത്രീകള്‍ തന്നെയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. കുക്കു പരമേശ്വരന് അന്‍സിബയെ മലയാളത്തിലെ മഹാനടനുമായി ചേര്‍ത്ത് അപവാദം പറഞ്ഞു. ഇതേക്കുറിച്ച് എന്താണ് അന്‍സിബ പരാമര്‍ശിക്കാത്തത്. അതുല്യ നല്കിയ കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ജനറല്‍ സെക്രട്ടറിക്കെതിരെ നടപടി എടുക്കാനുള്ള കാര്യങ്ങള്‍ എക്സിക്യുട്ടീവില്‍ നടക്കുകയാണെന്നും ജനറല്‍ ബോഡിയില്‍ ഇക്കാര്യങ്ങള്‍ ചര്ച്ചചെയ്യാനിരിക്കുകയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
Content Highlights: Actress Lakshmipriya against Ansiba Hassan