തിരുവനന്തപുരം: ഖജനാവ് കാലി ആണെന്ന് ആവര്‍ത്തിച്ച് യുഡിഎഫ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി എം എ സലാം. വിഴിഞ്ഞം ഹാര്‍ബര്‍ കൊണ്ടുവന്നത് യുഡിഫ് സര്‍ക്കാര്‍ ആണെന്ന് പി എം എ സലാം പറഞ്ഞു. അതിനെതിരെ അന്ന് സമര പരമ്പര ഉണ്ടായെന്നും അവസാനം ഉദ്ഘാടനം ചെയ്യാന്‍ കടല്‍കൊള്ള എന്ന് പറഞ്ഞവര്‍ തന്നെ വന്നുവെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
ഐടി പാര്‍ക്ക്, കൊച്ചി മെട്രോ എല്ലാം യുഡിഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. സ്വന്തം സാമ്രാജ്യത്തില്‍ പോലും വികസനം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. കേരള ജനതക്ക് അഴിമതി രഹിത, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഒരു സര്‍ക്കാര്‍ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത് അക്ഷീണമായ പ്രവര്‍ത്തനമാണെന്നും പി എം എ സലാം പറഞ്ഞു.
'നല്ലൊരു കാലാവസ്ഥ കേരളത്തില്‍ മുഴുവനായി വന്നിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനങ്ങളുടെ കൂടെ നിന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതാണ് 102 സീറ്റ്. പണ്ട് വി ഡി സതീശന് 100ലധികം സീറ്റ് നേടുമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി ചിരിച്ചു. പക്ഷെ ആ കണക്ക് ശരിയായി', പി എം എ സലാം പറഞ്ഞു.
ജനങ്ങള്‍ തങ്ങളില്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. വെറുതെ ഒരു സര്‍ക്കാരിനെ വിമര്‍ശിക്കുക അല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പോവുക മാത്രമല്ല ചെയ്തത്, തങ്ങളുടെ കയ്യിലുള്ളത് ബദല്‍ സംവിധാനം കൂടിയാണെന്നും പി എം എ സലാം വ്യക്തമാക്കി.
Content Highlights: PMA Salam about UDF government