വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍; ഹൈക്കമാന്‍ഡിന് അതൃപ്തി, ഇടപെട്ട് ദീപാദാസ് മുന്‍ഷി

യുഡിഎഫ് ജയിക്കും, വി ഡി സതീശന്‍ നയിക്കും എന്നായിരുന്നു ഫ്‌ളക്‌സിലെ വരികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വി ഡി സതീശനുമായി ആശയവിനിമയം നടത്തി. നിയുക്ത മുഖ്യമന്ത്രി 'വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലാണ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചത്. യുഡിഎഫ് ജയിക്കും, വി ഡി സതീശന്‍ നയിക്കും എന്നായിരുന്നു ഫ്‌ളക്‌സിലെ വരികള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നേരത്തെ കെപിസിസിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കി. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അധ്യക്ഷന്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെപിസിസി നിലപാട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അധ്യക്ഷന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തേക്ക് കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞുകൊണ്ടാണ് പോര് കടുക്കുന്നത്. മൂന്നുപേരെയും പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലും പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

Content Highlights: High command is unhappy with the appearance of flexes supporting V D satheesan

To advertise here,contact us