UDFയോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

അധികാരം ലഭിക്കുന്നു എന്ന് ഉറപ്പ് വരുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടി യുഡിഎഫിന്റെ രീതിയല്ലെന്ന് പി എം എ സലാം

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും പി എം എ സലാം പറഞ്ഞു. ലീഗ് ഈ വിഷയത്തില്‍ ഒരു തവണ അതൃപ്തി പരസ്യമാക്കിയതാണ്. ഇത്തരം പ്രസ്താവനകള്‍ വരാതിരിക്കാന്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

'ഇത്തരം ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഈ പൊരിവെയിലത്ത് യുഡിഎഫിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അധ്വാനിച്ച് ത്യാഗം ചെയ്തിട്ടാണ് വിജയത്തിലേക്ക് എത്തിക്കുന്നത്. അവരുടെ ത്യാഗത്തെ വിസ്മരിച്ച് കൊണ്ട് അധികാരം ലഭിക്കുന്നു എന്ന് ഉറപ്പ് വരുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടി എന്ന് പറയുന്നത് ശരിയാണെങ്കില്‍ അത് യുഡിഎഫിന്റെ രീതിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല. മുസ്‌ലിം ലീഗിന് അതിന് ശക്തമായ അഭിപ്രായമുണ്ട്. അതൃപ്തി പരസ്യമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തീരുമാനങ്ങള്‍ മെയ് നാലിന് ശേഷം ഏകകണ്ഠമായി എടുക്കും. ഇത്തരം ചര്‍ച്ചകള്‍ വരുന്നത് യുഡിഎഫിന്റെ സല്‍കീര്‍ത്തിക്ക് അപമാനകരമാണ്', പി എം എ സലാം പറഞ്ഞു.

യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു. അത് യുഡിഎഫ് കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നല്‍കിയ പരാതി.

ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ എതിരാളികള്‍ക്കെതിരെ അധിക്ഷേപം ചൊരിയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കെ സി വേണുഗോപാലിനെതിരെ പ്രചാരണം നടത്തണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമായും ഈ ഗ്രൂപ്പില്‍ നല്‍കിയിരിക്കുന്നത്.

Content Highlights: Muslim League about CM discussion in Congress

To advertise here,contact us