മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം അനവസരത്തിലാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ അനവസരത്തിലാണെന്നാണ് വിമര്‍ശനം. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ലീഗിന് അഭിപ്രായം ഉണ്ടെന്നും ഹൈകമാന്‍ഡ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നും മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് വിമര്‍ശനം. ലീഗിന് ഉപ മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്. കോണ്‍ഗ്രസാണ് അത് നല്‍കേണ്ടത്. ചര്‍ച്ച നടത്തി സാമൂഹിക അന്തരീക്ഷം മലിനമാക്കി നേടേണ്ടതല്ല ഉപ മുഖ്യമന്ത്രി സ്ഥാനമെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.
അതേസമയം സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച സജീവമാണ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പുകഴ്ത്തുന്ന വീഡിയോ ഫാന്‍ പേജുകള്‍ പങ്കുവെക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയത് ചെന്നിത്തലയെന്ന വാദത്തോടെയാണ് രമേശ് ചെന്നിത്തലയെ പിന്തുണക്കുന്ന വീഡിയോകള്‍ പുറത്ത് വന്നത്. 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പ് ഓര്‍മിപ്പിച്ചാണ് ചെന്നിത്തലയുടെ വീഡിയോ തയ്യാറാക്കിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടിയും വീഡിയോ അനുയായികള്‍ പുറത്തിറക്കുന്നുണ്ട്. കെ സി വേണുഗോപാലിന്റെ ഡോക്യുമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ കെ സി വേണുഗോപാല്‍ തന്റെ പുസ്തകം പുറത്തിറക്കി. വി ഡി സതീശന്റെ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
Content Highlights: Muslim League Malappuram District Committee meeting criticizes Congress for Chief Ministerial dispute being inappropriate