'തെരഞ്ഞെടുപ്പ് കമ്മീഷൻ BJPയുടെ കാര്യനിർവഹണ സമിതിയായി മാറി'; ഖർഗെയ്ക്ക് നോട്ടീസ് അയച്ച നടപടിക്കെതിരെ CPI

കേന്ദ്രമന്ത്രിമാര്‍ നല്‍കിയ പരാതിയിലാണ് ഖര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ 'ഭീകരവാദി' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ സിപിഐ. കമ്മീഷന്‍ കേന്ദ്ര ഭരണകക്ഷിയുടെ ഉപകരണമായി മാറിയെന്നും നടപടി ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ കാര്യനിര്‍വഹണ സമിതിയായി മാറി. ഖര്‍ഗെയുടെ വിശദീകരണം കമ്മീഷന്‍ പാടേ അവഗണിച്ചെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

കേന്ദ്രമന്ത്രിമാര്‍ നല്‍കിയ പരാതിയിലാണ് ഖര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ഖര്‍ഗെ നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിളിച്ചത്.

അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എഐഎഡിഎംകെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു ഭീകരവാദിയുമായി കൈകോര്‍ക്കുന്നു എന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബിജെപി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.

പരാമര്‍ശം വിവാദമായതോടെ ഖര്‍ഗെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

താന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നയാളാണ് എന്നാണ് ഉദ്ദേശിച്ചതെന്നുമാണ് ഖര്‍ഗെ വിശദീകരിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് താന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.

നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിളിച്ചതിന് പിന്നാലെ ഖര്‍ഗെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖര്‍ഗെ മാപ്പുപറയണമെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടത്.

Content Highlights: The CPI has opposed the Election Commission’s decision to issue a notice to the Congress president over a remark against Prime Minister Narendra Modi

To advertise here,contact us