തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പോര് കടുക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ രമേശ് ചെന്നിത്തല, വി ഡി സതീശന് വിഭാഗങ്ങള്‍ കടുത്ത നിലപാട് എടുത്തേക്കുമെന്നാണ് വിവരം. കെ സിയെ പരിഗണിക്കാനുള്ള നീക്കം അന്യായമെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ മുന്നണിക്കകത്ത് നിന്നും അതൃപ്തി ശക്തമാകവെയാണ് നീക്കങ്ങള്‍.
കെ സുധാകരന് എംപി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എത്തി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചിരുന്നു. പരിചയ സമ്പത്തും സീനിയോറിറ്റിയുമുള്ള ആള് മുഖ്യമന്ത്രിയാകണം. രമേശ് ചെന്നിത്തലയുടെ പേരാണ് ആദ്യം നിര്‍ദേശിച്ചതെങ്കിലും ചടുലമായ പ്രവര്‍ത്തനമാണ് ആവശ്യം. അത് കെ സി വേണുഗോപാലിന് ഉണ്ടെന്നുമായിരുന്നു കെ സുധാകരന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് രമേശ് ചെന്നിത്തലയും വി ഡി സതീശനും കൈകോര്‍ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ നിന്നും തങ്ങളുടെ പേരുകള്‍ വെട്ടാനുള്ള കെ സുധാകരന്റെ നീക്കങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് ഇരുവിഭാഗത്തിന്റേയും വിലയിരുത്തല്‍.
ഫലം വരുന്നതിന് മുമ്പ് തന്നെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകപോലും ചെയ്യാത്ത കെ സി വേണുഗോപാലിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളില്‍ വി ഡി സതീശന്, രമേശ് ചെന്നിത്തല അനുയായികള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. വി ഡി സതീശനായി സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണെങ്കിലും ഇതുവരെ പ്രതികരിക്കാന്‍ വി ഡി സതീശന് തയ്യാറായിട്ടില്ല. മുസ്ലിം ലീഗിന്റേത് അടക്കം പിന്തുണ വി ഡി സതീശന് ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Content Highlights: V D Satheesan and Ramesh chennithala May united to block KC Venugopal over CM Post