14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രണ്ട് വര്‍ഷമായിട്ടും പ്രതിയെ പിടികൂടാതെ താമരശ്ശേരി പൊലീസ്

നിരവധി തവണ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അതിജീവിത

കോഴിക്കോട്: 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ പ്രതിയെ പിടികൂടാതെ പൊലീസ്. പരാതി നല്‍കി രണ്ട് വര്‍ഷമായിട്ടും പ്രതി എവിടെയാണെന്ന് അറിയില്ലെന്നാണ് താമരശ്ശേരി പൊലീസിന്റെ വിശദീകരണം. പ്രതി താമരശ്ശേരി സ്വദേശി ജയ്ഷാദ് വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. നിരവധി തവണ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അതിജീവിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'എനിക്ക് 14 വയസുള്ളപ്പോള്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ജയ്ഷാദ് അവിടേക്ക് വന്ന് വേലപ്പാറ എന്ന സ്ഥലം കാണാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കൊണ്ടുപോയി. അവിടെ വെച്ച് എന്നെ പീഡിപ്പിച്ചു. ആ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി എനിക്ക് തന്നെ അയച്ച് തന്നു. നഗ്ന ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കേണ്ട സമയം ആകുമ്പോള്‍ വിവാഹം കഴിക്കുമെന്നും ഒരിക്കലും ചതിക്കില്ലെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്', അതിജീവിത പറഞ്ഞു.

2024 മാര്‍ച്ചില്‍ പൊലീസിന് പരാതി നല്‍കിയെന്നും പിന്നീട് ജയ്ഷാദ് വിദേശത്തേക്ക് പോയ വിവരമാണ് അറിഞ്ഞതെന്നും അതിജീവിത പറഞ്ഞു. അക്കാര്യം പൊലീസിനും അറിയാമെന്നും അതിജീവിത പറഞ്ഞു. അവന്റെ കയ്യില്‍ നഗ്നവീഡിയോ ഉണ്ടെന്നും അതോര്‍ത്ത് പേടിയുണ്ടെന്നും പൊലീസിനോട് പറഞ്ഞതായി അതിജീവിത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജിംഷാദിന്റെ ഫോണ്‍ വാങ്ങിവെച്ചില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി. അതേസമയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും സിഐ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: abuse against teen Thamarassery police did not caught accused for 2 years

To advertise here,contact us