ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍. വനിതാ സംവരണത്തെ അട്ടിമറിച്ചത് ബിജെപിയാണെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 543 അംഗ സഭയില്‍ മൂന്നില്‍ ഒന്ന് സംവരണം നല്കാന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2029 ലോക്സഭ അതിന്റെ അടിസ്ഥാനത്തില്‍ ആകണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
'വനിതകളുടെ പേരില്‍ ബില്‍ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതില്‍ ഉള്ളത് നിരാശയാണ് ബിജെപിക്ക്. വനിതാ സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തും. വനിത സംവരണത്തെ ഒരു കവചമാക്കാന്‍ ബിജെപി ശ്രമിച്ചു', കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വനിതാ സംവരണ ബില്‍ പരാജയം പ്രതിപക്ഷ വിജയമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഇന്ത്യ മുന്നണിയില്‍ വിശ്വാസം അര്‍പ്പിച്ച് കൂടുതല്‍ അംഗങ്ങള്‍ കടന്നു വന്നതില്‍ അഭിമാനമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഭരണഘടന കാറ്റില്‍ പറത്താന്‍ ശ്രമിച്ചപ്പോഴാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയതെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. ബില്ലിലെ അപകടം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുകയാണ് ബിജെപിയെന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ തരികിട അജണ്ടകള്‍ പരാജയപ്പെട്ടെന്ന് പി സന്തോഷ് കുമാര്‍ എം പിയും പ്രതികരിച്ചു. തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ബില്ലിനെ കുറിച്ച് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തും. തരികിടകളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും സമ്മേളനം വെച്ച് സമയവും ധനവും നഷ്ടപ്പെടുത്തിയതിന് രാജ്യത്തോട് ബിജെപി മാപ്പ് പറയണമെന്നും സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു. 'ഇനിയുള്ള പ്രചാരണങ്ങള്‍ തരികിട മറക്കാനുള്ള ജാള്യതയുടെ ഭാഗം. അപകടത്തില്‍ നിന്ന് രാജ്യം മുക്തി നേടിയിരിക്കുന്നു. വനിതാ സംവരണ നിയമങ്ങള്‍ നോട്ടിഫൈ ചെയ്ത സാഹചര്യത്തില്‍ ഫ്രെയിം ചെയ്ത് ഉടന്‍ നടപ്പിലാക്കണം', സന്തോഷ് കുമാര്‍ പറഞ്ഞു.
അതേസമയം ബില്ല് പരാജയപ്പെടുത്തിയതില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാനിരിക്കുകയാണ് ബിജെപി. പ്രതിപക്ഷം വനിതാ വിരുദ്ധം എന്ന പ്രചാരണം ഉയര്‍ത്തി കാണിക്കാനാണ് നീക്കം. രാജ്യം ചരിത്രത്തിലേക്ക് നീങ്ങുന്ന വഴി കോണ്‍ഗ്രസ് അടച്ചുവെന്ന് ബിജെപി ആക്ഷേപിച്ചു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടത്. ലോക്സഭാംഗങ്ങളില്‍ 489 പേര് വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.
ലോക്സഭയിലെ 537 അംഗങ്ങളില്‍ 360പേര് അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എന്‍ഡിഎയ്ക്കുള്ളത്. രാജ്യസഭയില്‍ 142-ല്‍ അധികം സീറ്റുള്ള എന്‍ഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബില്‍ പാസാക്കാനുള്ളത്.
Content Highlights: women reservation amendment bill opposition MPs from Kerala about unity of INDIA alliance