'സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം നിശബ്ദരായിരുന്നവരുടെ മാപ്പ് രാജ്യം തിരസ്‌കരിക്കും'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്

കൊച്ചി: രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്‌കരിക്കുമെന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഉന്നാവോയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയും ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാറിനാല്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ട അമ്മമാരെയും സഹോദരിമാരെയുമെല്ലാം ഓര്‍ക്കുന്നുവെന്നും ഇങ്ങനെ എത്രയോ മനുഷ്യരുടെ കണ്ണീര്‍ ഈ രാജ്യത്ത് വീഴുമ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇന്നത്തെ മാപ്പപേക്ഷ പൊളിഞ്ഞുപോയ നാടകത്തിന്റെ ബാക്കിപത്രമാണെന്നെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉന്നാവോയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും അതിന് ശേഷവും മൃഗീയമായി വേട്ടയാടപ്പെടുകയും ചെയ്ത പെൺകുട്ടിയെ ഓർക്കുന്നു. ഗുജറാത്ത് വംശഹത്യയിൽ സംഘപരിവാറിനാൽ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ട അമ്മമാരെയും സഹോദരിമാരെയും ഓർക്കുന്നു.

തന്നെയും സഹോദരിമാരെയും പീഡിപ്പിച്ച നരാധമന്മാരായ സംഘപരിവാറുകാരെ വിട്ടയക്കാൻ തീരുമാനിച്ച ഗുജറാത്ത് ഗവൺമെന്റിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തിയ രാജ്യത്തിൻ്റെ അഭിമാനമായ ബിൽകിസ് ബാനോ എന്ന സ്ത്രീയെ ഓർക്കുന്നു.

മണിപ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും നഗ്നരായി തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്ത സ്ത്രീകളെ ഓർക്കുന്നു.

ജമ്മു കാശ്മീരിലെ കത്വ്വയിൽ ക്രൂര പീഡനത്തിന് ഇരയായ എട്ടുവയസ്സുകാരി ആസിഫ ബാനുവിനെ ഓർക്കുന്നു.

രാജ്യത്തിനുവേണ്ടി പൊരുതി നേടിയ മെഡലുകൾ പോലും ഉപേക്ഷിച്ച് സ്ത്രീകളുടെ അഭിമാനത്തിനു വേണ്ടി തെരുവിൽ പോരാട്ടം നയിച്ച റെസ്ലിംഗ് ചാമ്പ്യന്മാരായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജറംഗ് പൂണിയ, സംഗീത ഫോഗട്ട് എന്നിവരെ ഓർക്കുന്നു.

ഇങ്ങനെ എത്രയോ മനുഷ്യരുടെ കണ്ണീർ ഈ രാജ്യത്ത് വീഴുമ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇന്നത്തെ മാപ്പപേക്ഷ പൊളിഞ്ഞു പോയ നാടകത്തിൻ്റെ ബാക്കിപത്രമാണെന്ന് മനസ്സിലാക്കാൻ ലോജിക്കൽ സെൻസ് ഉള്ള ഇന്ത്യക്ക് നിസ്സാരമായി സാധിക്കുമെന്ന് ഓർക്കുന്നത് നല്ലതാണ്.

സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ എല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്കരിക്കും.

വനിതാ ബില്‍ പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഔദ്യോഗിക അഭിസംബോധനയിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് മോദി പ്രസംഗിച്ചതെന്നതാണ് ശ്രദ്ധേയം.

ഇതിനെതിരെ വലിയരീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പകപോക്കാനാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ ഇന്നലെയോ ഇന്നോ പാര്‍ലമെന്റില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്താമായിരുന്നു. അതൊന്നും ചെയ്യാതെ ഒരു പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സവിശേഷമായ അവകാശം വിനിയോഗിച്ച് തീര്‍ത്തും തരംതാണ പ്രസ്താവനയാണ് മോദി നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒരു ചതിക്കുഴിയാണ്. നിലവിലുള്ള 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നാല്‍ പിന്തുണ നല്‍കാമെന്ന് തങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

Content Highlights: m sivaprasad against narendra modi

To advertise here,contact us