'വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

നാലാം തീയ്യതി റിസള്‍ട്ട് വന്നതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഇപ്പോള്‍ തന്നെ കയറി ബഹളം വെക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

'ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരെ പിന്തുണച്ച് കൊണ്ട് ആര് പോസ്റ്റ് ചെയ്താലും ശരിയല്ല. ഇതിന് ഒരു നടപടിക്രമമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് വേണം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍. നാലാം തീയ്യതി റിസള്‍ട്ട് വന്നതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇപ്പോള്‍ തന്നെ കയറി ബഹളം വെക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് തന്നെ നിര്‍ദേശം കൊടുക്കും. നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കരുത്. ഇപ്പോള്‍ ആരുടെയും പേരില്ല. തെരഞ്ഞെടുപ്പില്‍ ടീം യുഡിഎഫായാണ് മത്സരിച്ചത്. വിജയത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്', കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. നാലാം തീയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ സി വേണുഗോപാലിന് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയതാണ് വിവാദങ്ങള്‍ കൂടുതല്‍ കൊഴുപ്പിച്ചത്. ഇന്ന് കേരളത്തിന് ആവശ്യം ദൂരദര്‍ശിയുള്ള നേതൃത്വമാണെന്നും അതിന് കെ സി വേണുഗോപാലിന് സാധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ലീഡര്‍ ശ്രീ കെ കരുണാകരന്‍, ശ്രീ എ കെ ആന്റണി, ശ്രീ ഉമ്മന്‍ചാണ്ടി, ശ്രീ വയലാര്‍ജി തുടങ്ങി…സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്. നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി', കെ സുധാകരന്‍ പറഞ്ഞു.

Content Highlights: Congress senior leader K Muraleedharan about Chief minister discussion in Congress

To advertise here,contact us