ക്യാമ്പസുകളിലേക്ക് ജാതിവെറി പരത്തുന്നവരെ മതനിരപേക്ഷ കേരളം ശക്തമായി കൈകാര്യം ചെയ്യും: എം ശിവപ്രസാദ്

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തണലാകേണ്ട അധ്യാപകര്‍ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നല്‍കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എം ശിവപ്രസാദ്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. ക്യാമ്പസുകളിലേക്ക് ജാതിവെറി പരത്തുന്നവരെ മതനിരപേക്ഷ കേരളം ശക്തമായി കൈകാര്യം ചെയ്യുമെന്ന് ശിവപ്രസാദ് പറഞ്ഞു. അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

'ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവം അതീവ ദൗര്‍ഭാഗ്യകരമാണ്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ വകുപ്പ് മേധാവി(എച്ച്ഒഡി) ഉള്‍പ്പെടെയുള്ള ചില അധ്യാപകരുടെ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവകരമായ ഒന്നാണ്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തണലാകേണ്ട അധ്യാപകര്‍ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നല്‍കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്', അദ്ദേഹം പറഞ്ഞു.

രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ക്യാമ്പസുകളിലെ ജാതി വിവേചനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള രാജവ്യാപകമായ ആവശ്യത്തെ അംഗീകരിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം നേരിടേണ്ടി വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ തുടര്‍ച്ച ഇവിടെയും കാണുന്നത് കേരളം പോലെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ആശാസ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രവണതകള്‍ നമ്മുടെ നാട്ടില്‍ അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് വരെ എസ്എഫ്‌ഐ അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും ശിവപ്രസാദ് പറഞ്ഞു.

നിതിന്‍ രാജിന്റെ മരണം അതീവ ദുഃഖകരമാണെന്നും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ചുളള ഉന്നത തല അന്വേഷണം നടത്തണമെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യരും ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

Content Highlights: SFI state presindet M Sivaprasad about Anarakkandy BDS student Nithin Raj's death. He asked a thorough investigation should be conducted and strict action should be taken against those responsible

To advertise here,contact us