കായംകുളം: മുഖ്യമന്ത്രി എറണാകുളത്തു നിന്ന് ആകും എന്നുള്ള ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുഹമ്മദ് ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റായതിനാല്‍ അഭിപ്രായത്തിന് പിന്നില്‍ പ്രാദേശികമായ വികാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാകാം അവിടെ നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞത്. അത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. തീരുമാനം ഹൈക്കമാന്‍ഡ് പറയും. ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും എം ലിജു പ്രതികരിച്ചു.
ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും പരാജയം ഉറപ്പിച്ചു എന്നതിന്റെ തെളിവാണ് സജി ചെറിയാന്റെ പ്രതികരണം. ജി സുധാകരന് കെ സി വേണുഗോപാല്‍ രാഷ്ട്രീയമായി അഭയം നല്കി. അത് നേതൃത്വത്തിന്റെ കടമയാണ്. കെ സി വേണുഗോപാല്‍ കടലില്‍ ചാടേണ്ടി വരുമെന്ന പരിഹാസത്തിന് പിണറായി വിജയനും സജി ചെറിയാനും നീന്തല്‍ അറിയുന്നത് നന്നായിരിക്കുമെന്നും തോട്ടിലെ നീന്തല്‍ അല്ല കടല്‍ തിരമാലക്കിടയില് നീന്തേണ്ടിവരുമെന്നുമായിരുന്നു ലിജുവിന്റെ മറുപടി. ജി സുധാകരന്റെ ഒരു ആരോപണത്തിനും സിപിഐഎമ്മിന് മറുപടിയില്ല. അതുകൊണ്ടാണ് വ്യക്തിഹത്യ നടത്തുന്നതെന്നും ലിജു ആരോപിച്ചു.
എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. 10 വർഷത്തെ എല്ലാ തളർച്ചയും ചൂണ്ടിക്കാണിക്കുകയും നമ്മുടെ നാട് ഈ രീതിയിൽ ആകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യർക്ക് ഒരു പ്രതീക്ഷ നൽകുകയും ചെയ്യുന്ന നേതാവാണ് സതീശൻ. അപശബ്ദങ്ങളില്ലാതെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനും ഏകോപിപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല കാഴ്ച്ചപ്പാടുണ്ടെന്നും ഷിയാസ് പറഞ്ഞു.
Content Highlights: M Liju rejected Muhammed Shiyas's response that the Chief Minister will be from Ernakulam