'തോട്ടപ്പള്ളി സ്പില്‍വേ വര്‍ക്കുമായോ കരിമണല്‍ ഖനനവുമായോ ബന്ധമില്ല': മേരിമാതാ കണ്‍സ്ട്രക്ഷൻ കമ്പനി

മാത്യു കുഴല്‍നാടന്റെ ആരോപണത്തിൽ വിശദീകരണവുമായി മേരിമാതാ കണ്‍സ്ട്രക്ഷൻ കമ്പനി

തിരുവനന്തപുരം: പ്രളയ സമയത്ത് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതാ കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്നുള്ള കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ പ്രതികരണവുമായി മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി. തോട്ടപ്പള്ളി സ്പില്‍വേ വര്‍ക്കുമായോ കരിമണല്‍ ഖനനം സംബന്ധിച്ചോ തങ്ങളുടെ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച് തങ്ങളുടെ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ പണം ആവശ്യപ്പെട്ടു എന്ന ഒരു തെറ്റായ വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്നും കമ്പനി അറിയിച്ചു.

അതിനിടെ കരിമണല്‍ ലോബിക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണ് എന്നുമുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ജലവിഭവ വകുപ്പിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും വിഷയത്തില്‍ സിപിഐഎമ്മിനെ സഹായിക്കാന്‍ ബിജെപി മൗനം പാലിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. 2018ലും 19ലും കരിമണലായിരുന്നു ലക്ഷ്യം. അതല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മണ്ണെടുക്കുന്ന കാര്യത്തില്‍ എന്തിന് വേവലാതിപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് മാധ്യമങ്ങളോ കണ്ടപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയത്.

ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ മാത്യു ടി തോമസിന് പങ്കുണ്ടെന്നതിന് കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും രംഗത്തെത്തിയിരുന്നു. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. നിയമസഭയില്‍ പ്രളയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ അന്ന് വിഷയം ഉന്നയിച്ചില്ല. മേരിമാതാ കരാര്‍ കമ്പനി തന്റെ ശത്രു പക്ഷത്താണ്. അതുകൊണ്ടുതന്നെ ആരോപണം തന്നെ ബാധിക്കില്ല. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

Content Highlights- Mary Matha Company stated that it has no involvement in the Thottappally spillway work or any karimanal mining activities. The clarification comes amid ongoing concerns and allegations regarding the project and related operations.

To advertise here,contact us