കൊച്ചി: കേരളത്തില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. സ്ഥാനാര്‍ത്ഥികളുടെ പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്നലെ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നിശബ്ദദപ്രചാരണത്തിന്റെ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വോട്ടര്‍മാരുടെ കയ്യിലാണ് ഇനിയെല്ലാം. ആര്‍ക്ക് വിധിയെഴുതണമെന്ന് ഓരോ വോട്ടര്‍മാരും, ജനങ്ങളുടെ വോട്ട് ആര്‍ക്കായിരിക്കും എന്ന് മുന്നണികളും കൂട്ടിയും കിഴിച്ചും ചിന്തിക്കുന്ന മണിക്കൂറുകളാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ സ്ത്രീ-പുരുഷ വോട്ടര്‍മാരുടെ എണ്ണവും ചര്‍ച്ചയാകുന്നുണ്ട്.
കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ്. അതായത് കേരളം നാളെ പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ നിര്‍ണ്ണായകമാകുക സ്ത്രീ വോട്ടര്‍മാരുടെ നിലപാടായിരിക്കും എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വോട്ടര്‍പട്ടിക പ്രകാരം പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ അര്‍ഹരായിട്ടുള്ളത്.
കേരളത്തിലെ 140 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ശ്രദ്ധ നേടുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. ആകെയുള്ളതില്‍ 11 മണ്ഡലങ്ങളില്‍ മാത്രമാണ് പുരുഷ വോട്ടര്‍മാരുടെ എണ്ണം സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടിയിരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, കോട്ടയ്ക്കല്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് ഇവ. ബാക്കിയുള്ള 129 മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരേക്കാള്‍ ആയിരമോ അതിന് മുകളിലോ കൂടുതലാണ്.
മഞ്ചേശ്വരത്ത് 114312 സ്ത്രീ വോട്ടര്‍മാരും 115801 പുരുഷ വോട്ടര്‍മാരുമാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 105524 പുരുഷ വോട്ടര്‍മാരുള്ളപ്പോള്‍ 105399 പേരാണ് സ്ത്രീ വോട്ടര്‍മാരുള്ളത്. കൊണ്ടോട്ടിയില്‍ ആകെ വോട്ടര്‍മാരിലെ 116003 പേര് പുരുഷന്മാരും 113366 പേര് സ്ത്രീകളുമാണ്. ഏറനാടിലും സമാനമായ രീതിയില്‍ 99070 സ്ത്രീ വോട്ടര്‍മാരുള്ളപ്പോള്‍ 100486 പുരുഷ വോട്ടര്‍മാരുണ്ട്.
തിരൂരില്‍ 128200 പുരുഷ വോട്ടര്‍മാരും 127229 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. താനൂരിലേക്ക് എത്തുമ്പോള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 106020 ഉം പുരുഷ വോട്ടര്‍മാരുടെ എണ്ണം 108077 ആണ്. തിരൂരങ്ങാടിയിലെ ആകെ വോട്ടര്‍മാരിലെ 113015 പേര് പുരുഷന്മാരും 109776 പേര് സ്ത്രീകളുമാണ്. വള്ളിക്കുന്നില്‍ 111338 പുരുഷ വോട്ടര്‍മാരുള്ളപ്പോള്‍ 109697 സ്ത്രീ വോട്ടര്‍മാരാണുള്ളത്. വേങ്ങരയിലേക്ക് എത്തുമ്പോള്‍ ഈ എണ്ണം 108365 പുരുഷന്മാര്, 103261 സ്ത്രീകള്‍ എന്ന നിലയിലേക്ക് ആകുന്നു. മലപ്പുറത്ത് 119984 പുരുഷ വോട്ടര്‍മാരും 118096 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
വോട്ടര്‍മാരുടെ എണ്ണത്തിലും വോട്ട് രേഖപ്പെടുത്തുന്നതിലും കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള് ഏറെ മുന്നിലാണെങ്കിലും അതിനോട് നീതിപുലര്‍ത്തുന്ന പ്രാതിനിധ്യം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇല്ലേയില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം 883 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 92 പേര് മാത്രമാണ് വനിതകള്‍, അതായത് 10.4 ശതമാനം മാത്രം.
പ്രധാന മുന്നണികള്‍ക്കായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടി നോക്കുമ്പോഴാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ എത്രത്തോളം പുറകിലാണെന്ന് കൂടുതല്‍ വ്യക്തമാവുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ 17 പേര് മാത്രമാണ് സ്ത്രീകള്‍. ആകെ 81 സീറ്റില്‍ മത്സരിക്കുന്ന സിപിഐഎമ്മില്‍ 12 പേര് മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. 25 സീറ്റില്‍ മത്സരിക്കുന്ന സിപിഐയില്‍ 20 ശതമാനം പേര് സ്ത്രീകളാണ്, അതായത് 5 വനിതാ സ്ഥാനാര്‍ത്ഥികള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ശതമാനത്തില്‍ ഏറ്റവും മുന്നിലുള്ളത് സിപിഐയാണ്. 14 ശതമാനം മാത്രമാണ് സിപിഐഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥികളുടെ പ്രാതിനിധ്യം.
യുഡിഎഫിലേക്ക് എത്തുമ്പോള്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വീണ്ടും കുറയുന്നത് കാണാം. എല്‍ഡിഎഫില്‍ ആകെ 12 ശതമാനമാണ് വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണമെങ്കില്‍ യുഡിഎഫില്‍ അത് 8.6 ശതമാനം മാത്രമാണ്. കോണ്‍ഗ്രസിന്റെ ആകെ 92 സ്ഥാനാര്‍ത്ഥികളില്‍ 9 പേര് മാത്രമാണ് സ്ത്രീകള്‍. യുഡിഎഫ് മുന്നണിയിലെ രണ്ടാം പാര്‍ട്ടിയായ മുസ്ലിം ലീഗ് ആകെ മത്സരിക്കുന്നത് 26 മണ്ഡലങ്ങളിലാണ്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികളുള്ളത്.
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ 2021ല്‍ ലീഗ് മത്സരിപ്പിച്ചിരുന്നു. ഇപ്പോള്‍ ആ എണ്ണം രണ്ടില്‍ എത്തിയിരിക്കുകയാണ്. എന്‍ഡിഎയുടെ 140 സ്ഥാനാര്‍ത്ഥികളില്‍ 14 പേരാണ് സ്ത്രീകള്‍, ഏകദേശം 10 ശതമാനം. ബിജെപിയുടെ ആകെയുള്ള 98 സ്ഥാനാര്‍ത്ഥികളില്‍ 11 പേര് മാത്രമാണ് സ്ത്രീകള്‍.
Content Highlights: In 129 constituencies out of 140 women voters leads in numbers, thus women will decide who will win in Kerala election 2026