കാസർകോട്: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെതിരെയുള്ള പരാമർശം തിരുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫർസാന റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. 'മുനാഫിഖ്' എന്നാണ് ഷാനവാസ് പാദൂരിനെതിരെ മുള്ളേരിയയിലെ യുഡിഎഫ് കുടുംബയോഗത്തിൽ പ്രസംഗിക്കുന്നതിനിടയിൽ വനിതാ നേതാവ് പരാമർശിച്ചത്. മതാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോഴാണ് ആ പരാമർശത്തിൽ തെറ്റുള്ളതെന്നും രാഷ്ട്രീയമായി വിശ്വാസവഞ്ചന എന്നാണ് ഉദ്ദേശിച്ചതെന്നും ഫർസാന പറഞ്ഞു. എതിരാളികളുടെ പോരായ്മകൾ പറയുന്നത് സാധാരണമാണ്. അതിൽ വ്യക്തി അധിക്ഷേപമില്ലെന്നും ഷാനവാസിന്റെ നിലപാടിനെയാണ് എതിർത്തതെന്നും ഫർസാന റിപ്പോർട്ടറിനോട് പറഞ്ഞു.
എന്നാൽ തനിക്കെതിരായ വിദ്വേഷ പ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്നും അവസാനഘട്ടത്തിൽ വർഗീയ കാർഡ് ഇറക്കുന്നത് മുസ്ലിം ലീഗിന്റെ സ്ഥിരം രീതിയാണെന്നുമായിരുന്നു ഷാനവാസ് പാദൂരിന്റെ പ്രതികരണം. വികസനം പറയാൻ ഇല്ലാത്തതുകൊണ്ട് വിദ്വേഷ പ്രചാരണം നടത്തുന്നു. ആദ്യം ഡീൽ ആരോപിച്ചു. രക്ഷയില്ലാതെ വന്നതോടെ വർഗീയ കാർഡ് ഇറക്കി. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. വരും ദിവസങ്ങളിലും ഇത്തരം പണികൾ ലീഗ് നടത്തും. ഇത്തവണ കാസർകോട്ടുകാരെ കബളിപ്പിക്കാൻ കഴിയില്ലെന്നും ഷാനവാസ് പാദൂർ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയിരുന്നു. ഷാനവാസ് പാദൂരിന്റെ ഇലക്ഷൻ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നൽകിയത്. വനിതാ ലീഗ് നേതാവിന്റെ പ്രസംഗം നാട്ടിൽ സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പർദ്ധ വളർത്തുന്നതിനും ലക്ഷ്യമിട്ടുളളതാണെന്നും അതിലുപയോഗിക്കുന്ന മുനാഫിക് എന്ന അറബി വാക്ക് മനപ്പൂർവ്വം സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചതാണെന്നും പരാതിയിൽ പറയുന്നു.
Content Highlights: Muslim Women’s League leader Ayshath Farsana has stated that she will not withdraw her remarks against Shanavas Padhoor