തൃശ്ശൂർ: തൃശ്ശൂർ ശിവരാമപുരത്തെ പ്രദേശവാസികൾക്ക് ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വാടാനപ്പള്ളിയിലും സമാന ആരോപണം. വിതരണത്തിനായി വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ രണ്ടായിരത്തോളം കിറ്റുകൾ തയ്യാറാക്കുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റിന് പുറത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
അതേസമയം കഴിഞ്ഞദിവസം ഒളരിയിൽ വോർട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റിൽ കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നൽകിയെന്നാരോപിച്ച് എൽഡിഎഫ് ആയിരുന്നു പരാതി നൽകിയത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 26 കിറ്റുകൾ പിടിച്ചെടുത്തു.
ഇതിനിടയിൽ മണലൂരും വടക്കാഞ്ചേരിയിലും ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥികളായ ടി എൻ പ്രതാപനും പി എൻ വൈശാഖനും രംഗത്തെത്തി. രണ്ട് മണ്ഡലങ്ങളിലും ബിജെപി വൻതോതിൽ പണമിറക്കുകയാണെന്നും ഇതുസംബന്ധിച്ച് യുഡിഎഫ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. മണലൂരിലാണ് ബിജെപി കൂടുതൽ പണം ഒഴുക്കുന്നത്. കിറ്റും പണവും നൽകി അട്ടിമറിക്കാനാണ് ശ്രമം എന്നും നേതാക്കൾ പറഞ്ഞു. തൃശ്ശൂർ ഒളരിയിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതി ഉയർന്നിരുന്നു. പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Content Highlights: Reports have emerged alleging distribution of food kits to influence voters in Vadanapally