അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി ഉഷ ജോസഫ്

വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയ ശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഉഷ ജോസഫ്

പത്തനംതിട്ട: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ്. ആലപ്പുഴ പുന്നപ്രയിലെ ഉഷ ജോസഫിന്റെ വീട്ടിലെത്തി അബിന്‍ വര്‍ക്കി തുക ഏറ്റുവാങ്ങി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയാണ് അബിന്‍ വര്‍ക്കിയുടെ മത്സരം. വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയ ശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഉഷ ജോസഫ്

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയായിരുന്നു ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2021 മെയ് മാസത്തിലായിരുന്നു സംഭവം. വയറ്റിലെ മുഴ നീക്കാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവര്‍ പറയുന്നുണ്ട്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് ടെസ്റ്റുകള്‍ നടത്തിയതെന്നും ഉഷ പറഞ്ഞിപുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കണ്ടതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങാന്‍ കാരണമെന്നും മന്ത്രി വീണാ ജോര്‍ജാണ് ഇതിന് ഉത്തരവാദിയെന്നും പറഞ്ഞ് പ്രതിപക്ഷം വ്യാപക പ്രതിഷേധമായിരുന്നു അഴിച്ചുവിട്ടത്.

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ഇടപെട്ട് ഉഷ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയും ഫെബ്രുവരി 21ന് ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് മൂന്നിനാണ് ഉഷ ആശുപത്രി വിട്ടത്. എല്ലവരും തനിക്കൊപ്പം നിന്നതിനാലാണ് ജീവനോടെ ഇരിക്കുന്നതെന്നായിരുന്നു ഉഷ പ്രതികരിച്ചത്.

Content Highlights- Usha Joseph has provided the election deposit amount to Abin Varkey ahead of the nomination process in Kerala.

To advertise here,contact us