'കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?'

പലരും പാര്‍ട്ടി വിടുന്നത് എന്തുകൊണ്ടെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ പരോക്ഷമായി പരിഹസിച്ച് സിപിഐഎം നേതാവ് ടി എം തോമസ് ഐസക്. പാലക്കാട് യുഡിഎഫിനെ എല്‍ഡിഎഫ് പിന്താങ്ങണം എന്നാണോ പറയുന്നതെന്നും തോമസ് ഐസക് ചോദിച്ചു. യുഡിഎഫ് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. അമ്പലപ്പുഴയിലും തളിപ്പറമ്പിലും പാര്‍ട്ടി അംഗങ്ങള്‍ ആരും കൂടെ പോയിട്ടില്ല. പലരും പാര്‍ട്ടി വിടുന്നത് എന്തുകൊണ്ടെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിശോധിക്കും. 60 വര്‍ഷക്കാലത്തെ സ്വന്തം ചരിത്രം ജി സുധാകരന്‍ റദ്ദ് ചെയ്തു. തൊപ്പി ഒക്കെ വെച്ച് നില്‍ക്കുന്നത് കണ്ടിട്ട് സഹതാപം തോന്നി', തോമസ് ഐസക് പറഞ്ഞു.

സിപിഐഎം നയത്തോട് അല്ലെന്നും സ്ഥാനം തന്നില്ല എന്നതിനോടാണ് അദ്ദേഹത്തിന് എതിര്‍പ്പെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. 'മുഖ്യമന്ത്രി പറഞ്ഞ വാക്കില്‍ കടിച്ചു തൂങ്ങണ്ട. വളരെ മോശം എന്ന് മാത്രമാണ് അര്‍ത്ഥം. കേരളത്തില്‍ ആരാണ് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത്. കോലീബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളന്മാര്‍ മുന്‍പേ ഓടി കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചു പറയുകയാണ്', തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ജി സുധാകരന്‍ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത് എന്ന് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജി സുധാകരന്‍ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത്. അതിന് വേറെ വാക്കില്ല. വഞ്ചനയ്ക്ക് ഇതില്‍പ്പരം വിശേഷണമുണ്ടോ? എത്ര വലിയ വഞ്ചനയാണ് കാണിച്ചത്. അദ്ദേഹത്തില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞുകുളിച്ച് മറ്റൊരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട് അതിന്റെ ഭാഗമായി, മറ്റേ ഭാഗത്തിന്റെ പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മാറുന്നുവെന്ന് വന്നാല്‍ അത് എത്ര വലിയ പാതകമാണ്. അതിനെ വിശേഷിപ്പിക്കാന്‍ സാധാരണ ഗതിയില്‍ വാക്കുകളില്ല എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഈ പരാമര്‍ശം വലിയ രീതിയില്‍ വിവാദമാകുകയാണ്.

Content Highlights: Thomas Isaac about Palakkad UDF candidate Ramesh Pisharady

To advertise here,contact us