ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും തുടങ്ങും

വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നതെന്ന് സർക്കാർ

തിരുവനന്തപുരം: വോട്ടെടുപ്പിന് മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. മാർച്ചിലെ പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. പെൻഷന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2,000 രൂപ വീതമാണ് പ്രതിമാസ പെൻഷൻ. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.

62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും. 35,154 കോടി രൂപയാണ് ഒന്നാം പിണറായി സർക്കാർ ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. യുഡിഎഫിൻ്റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തുക. ഇത് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി 2,000 രൂപയായി വർദ്ധിപ്പിച്ചിരുന്നു.

Content Highlights: Government prepares to distribute social security and welfare fund pensions before the polls

To advertise here,contact us