'60 ദിവസം ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്'; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രന്‍?

പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കും

കൊച്ചി: പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിപ്രായം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കും.

എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. 'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി' എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സിറ്റിങ് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളിയെയും എം വിന്‍സന്റിനെയും കോണ്‍ഗ്രസ് പരിഗണിക്കില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ പെരുമ്പാവൂരില്‍, എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ മനോജ് മൂത്തേടനെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിരൂപത ആര്‍ച്ച് ബിഷപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തുനല്‍കുകയും ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പേര് വെട്ടിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കോണ്‍ഗ്രസ് കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷ ഉണ്ടെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിച്ചാല്‍ 15,000വോട്ടിനെങ്കിലും ജയിക്കുമെന്നാണ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തനിക്കെതിരെയുള്ള കേസ് തട്ടിപ്പ് കേസാണെന്നും താഴേക്കിടയില്‍ നിന്നും നിരവധി ജോലികള്‍ ചെയ്ത് വന്നയാളാണ് താനെന്നും കുന്നപ്പിള്ളി പറഞ്ഞിരുന്നു. അതേസമയം താന്‍ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കിയിരുന്നു.

Content Highlights: Eldhose Kunnappilly may be contest as independent candidate in Perumbavoor

To advertise here,contact us