ജി സുധാകരൻ അധികാരമോഹി, ചുവന്ന കൊടിക്ക് മുകളിൽ ആര് പറന്നാലും പാർട്ടി സഖാക്കൾ അംഗീകരിക്കില്ല: വി ശിവൻകുട്ടി

പാർട്ടിയുടെ നിർണായക ഘട്ടത്തിൽ ജി സുധാകരനെ പോലുള്ള ഒരാൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും ശിവൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരനെതിരെ മന്ത്രി വി ശിവൻകുട്ടി. ജി സുധാകരൻ അധികാരമോഹിയാണെന്നും പാർട്ടിയുടെ നിർണായക ഘട്ടത്തിൽ അദ്ദേഹത്തെ പോലുള്ള ഒരാൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും ശിവൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. ഒരു കമ്യൂണിസ്റ്റുകാരന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് ജി സുധാകരൻ ചെയ്തത്. ഈ പാർട്ടി തന്നെയാണ് തനിക്കും സുധാകരേട്ടൻ അടക്കമുള്ളവർക്കും സ്ഥാനമാനങ്ങൾ തന്നിട്ടുള്ളത്. എത്ര സ്ഥാനമാനങ്ങളാണ് കൊടുത്തിട്ടുള്ളത്. ഇനിയും വേണമെന്ന് പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയല്ല വേണ്ടത്. ചുവന്ന കൊടിക്ക് മുകളിൽ ആര് പറന്നാലും പാർട്ടി സഖാക്കൾ അംഗീകരിക്കില്ല. ആലപ്പുഴയിലെ ജനങ്ങൾ അതിനെതിരെ വിധിയെഴുതുമെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം നേമത്തെ വിജയപ്രതീക്ഷയും ശിവൻകുട്ടി പങ്കുവെച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യവും സർക്കാരിന്റെ നേട്ടവും പരിഗണിക്കുമ്പോൾ നേമത്ത് ഇടതുപക്ഷം വിജയിക്കും. നേമം മണ്ഡലത്തിൽ അക്കൗണ്ട് തുറക്കുമെന്നത് ബിജെപിയുടെ സ്വപ്‌നമാണ്. അത് നടക്കാൻ പോകുന്ന കാര്യമല്ല. എന്ത് കണ്ടാണ് രാജീവ് ചന്ദ്രശേഖറിന് ജനം വോട്ട് ചെയ്യേണ്ടത്. ആ നാടുമായി ഒരു ബന്ധവുമില്ലാത്ത, നാട്ടിലെ പ്രശ്‌നത്തിൽ ഇടപെടാത്ത ഭാഷ പോലും അറിയാത്ത വൻകിട കുത്തക മുതലാളിമാരിൽ ഒരാളാണ് രാജീവ് ചന്ദ്രശേഖർ. മലയാളം അറിയാതെയാണ് നേമത്ത് അദ്ദേഹം മത്സരിക്കുന്നത്. അദ്ദേഹത്തിന് യഥാർത്ഥത്തിൽ പറ്റിയത് കോർപ്പറേറ്റ് മാനേജ്‌മെന്റുകളുടെ ദേശീയാടിസ്ഥാനത്തിൽ സംഘടന ഉണ്ടാക്കി അതിലേക്ക് മത്സരിക്കുന്നതാണ്. അതിന് അദ്ദേഹം യോഗ്യനാണ്. അല്ലാതെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും വിയർപ്പിന്റെ ഗന്ധം സഹിക്കാനുള്ള മനസാക്ഷിയൊന്നുമുള്ള ആളല്ല രാജീവ് ചന്ദ്രശേഖറെന്നും ശിവൻകുട്ടി പറഞ്ഞു.

രാജീവ് ചന്ദ്രശേഖറുമായി പരസ്യ സംവാദത്തിന് താൻ തയ്യാറാണ്. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കാതെ തെറ്റായ കാര്യങ്ങൾ പറയുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. പരിചയക്കുറവ് കൊണ്ടാകും രാജീവ് ചന്ദ്രശേഖർ ഇങ്ങനെയൊക്കെ പറയുന്നത്. മണ്ഡലത്തിലെ മുൻ വിജയവും കോർപ്പറേഷനിലെ ഇത്തവണത്തെ വിജയവും കണ്ടായിരിക്കാം രാജീവ് ചന്ദ്രശേഖർ നേമത്ത് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നേമത്തെ അക്കൗണ്ട് തുറക്കണം എന്നത് അവരുടെ സ്വപ്‌നം മാത്രമാണ്. എല്ലാ സ്വപ്നങ്ങളും നടക്കണമെന്നില്ലല്ലോ. രാജീവ് ചന്ദ്രശേഖർ കേരളത്തിനു വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Content Highlights: Kerala minister V Sivankutty criticized senior leader G Sudhakaran, describing him as power hungry

To advertise here,contact us