'ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു'

ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന്‍ സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും തങ്കപ്പന്‍പിള്ള പറഞ്ഞു

കൊല്ലം: കെ ബി ഗണേഷ്‌ കുമാറിനെ യൂണിയനില്‍ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ഗണേഷിന്റെ പിതാവും പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ മുന്‍ പ്രസിഡന്റുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിരുന്നുവെന്ന് താത്കാലിക സമിതി ചെയര്‍മാന്‍ കെ തങ്കപ്പന്‍പിള്ള.

ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന്‍ സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും തങ്കപ്പന്‍പിള്ള പറഞ്ഞു. പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞമാസം 28-ന് നടന്ന യൂണിയന്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റായിരുന്ന ഗണേഷ്‌ കുമാര്‍ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതില്‍ കലാശിച്ചത്. യോഗത്തിന് വളരെ വൈകിയെത്തിയ ഗണേഷ് സെക്രട്ടറിക്കുനേരെ പോലും വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് 19 അംഗ ഭരണസമിതിയിലെ 11 പേരും അന്നുതന്നെ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. പത്മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ നടപടിയെന്നും തങ്കപ്പൻപിള്ള കൂട്ടിച്ചേർത്തു.

എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പതിനൊന്നുപേര്‍ രാജിവെച്ചിരുന്നു. പിന്നാലെയാണ് രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യമാണ് എന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

Content Highlights: pathanapuram nss union and k b ganesh kumar controversy updates

To advertise here,contact us