ഹരിപ്പാടിൻ്റെ ഒരേയൊരു നേതാവ്; ജനം നൽകിയത് മികച്ച മാർക്ക്, റിപ്പോർട്ടർ സർവേയിൽ തിളങ്ങി രമേശ് ചെന്നിത്തല

വിദ്യാര്‍ത്ഥി നേതാവില്‍ നിന്നും ആദ്യമായി രമേശ് ചെന്നിത്തല എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത് ഹരിപ്പാട് നിന്നാണ്

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ മികച്ച എംഎല്‍എമാരില്‍ അഞ്ചാമനായി തെരഞ്ഞെടുക്കപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാടുകാരുടെ സ്വന്തം എംഎല്‍എയായ രമേശ് ചെന്നിത്തല 85.3 റേറ്റിംഗ്

നേടിയാണ് അഞ്ചാമനായത്. റിപ്പോര്‍ട്ടര്‍ സര്‍വേയുടെ എല്ലാ ചോദ്യങ്ങള്‍ക്കും എട്ടില്‍ കൂടുതല്‍ മാര്‍ക്കാണ് ചെന്നിത്തലയ്ക്ക് ഹരിപ്പാടുകാര്‍ നല്‍കിയത്.

എന്നും ഹരിപ്പാടുകാരുടെ സ്വന്തം എംഎല്‍എയാണ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥി നേതാവില്‍ നിന്നും ആദ്യമായി രമേശ് ചെന്നിത്തല എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത് ഹരിപ്പാട് നിന്നാണ്. അന്ന് വെറും 26 വയസായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്. 1986ല്‍ മുപ്പതാം വയസ്സില്‍ രമേശ് ചെന്നിത്തല മന്ത്രിയായി സ്ഥാനമേറ്റു. ആഭ്യന്തര വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സുപ്രധാന പദവികളും പിന്നീട് രമേശ് ചെന്നിത്തല വഹിച്ചു. അഞ്ച് തവണയാണ് ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല നിയമസഭയിലെത്തിയത്.

കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ ആര്‍ സജിലാലിനെ 13666 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രമേശ് ചെന്നിത്തല വിജയിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നെങ്കിലും 2021ലെ യുഡിഎഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പദവി വി ഡി സതീശനിലേക്കെത്തുകയായിരുന്നു. നിലവില്‍ ഹരിപ്പാട് നിന്നും രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും യുഡിഎഫ് പരിഗണിക്കുക.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: Reporter Election Survey Result ranking of Ramesh Chennithala

To advertise here,contact us