റിപ്പോർട്ടർ ടിവി നടത്തിയ ഓൺലൈൻ ഇലക്ഷൻ സർവേയിൽ നിലവിലെ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായി വി ശിവന്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 14.56 ശതമാനം പേരാണ് രണ്ടാം പിണറായി വിജയന് മന്ത്രിസഭയിലെ മികച്ച മന്ത്രി വി ശിവന്‍കുട്ടിയാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം പി രാജീവ് (9.84ശതമാനം) രണ്ടാമതും കെ ബി ഗണേഷ് കുമാര്‍ (8.83ശതമാനം) മൂന്നാമതുമായി സർവേയിൽ മുന്‍ നിരയില്‍ തന്നേയുണ്ട്.
വി ശിവന്‍കുട്ടി മുന്നിൽ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങളോടൊപ്പം തന്നെ ക്രിയാത്മകമായ ഇടപെടലുകളും ശക്തമായ രാഷ്ട്രീയ നിലപാടുകളും വി ശിവന്‍കുട്ടിയെ വിദ്യാർത്ഥികള്‍ക്കിടയിലും വോട്ടർമാർക്കിടയിലും സ്വീകാര്യനാക്കി മാറ്റി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പഠന സംവിധാനങ്ങളുടെ വ്യാപനം എന്നിവയിലൂടെ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തിയ മന്ത്രി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. തൊഴിൽ വകുപ്പ് മന്ത്രിയെന്ന നിലയിലും ശിവൻകുട്ടി ഇക്കാലയളവിൽ തിളങ്ങി. വിദ്യാർത്ഥി സംഘടനകളിലൂടെയും പാർട്ടി പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് വന്ന ശിവന്‍കുട്ടി 2021 ലെ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്നും 3949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്.
പി രാജീവ് രണ്ടാം സ്ഥാനത്ത്
സർവേയിൽ 9.84 ശതമാനം പിന്തുണയോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ്. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ എടുത്ത നടപടികൾ, നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള നയപരമായ മാറ്റങ്ങൾ, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ എന്നിവയെല്ലാം രണ്ടാം പിണറായി സർക്കാറിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ വി ഇ അബ്ദുള്‍ ഗഫൂറിനെതിരെ 15336 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി രാജീവിന്റെ വിജയം.
ഗണേഷ് കുമാര്‍ മൂന്നാമത്
മികച്ച മന്ത്രിമാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് 8.83 ശതമാനം പിന്തുണയോടെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ടത്, സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ എടുത്ത നടപടികൾ, പൊതുഗതാഗത മേഖലയിലെ പരിഷ്കരണ ശ്രമങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം നടത്തിയ ശ്രദ്ധേയമായ നടപടികളാണ്. 2001 മുതല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗണേഷ് കുമാർ. 2021ലെ തെരഞ്ഞെടുപ്പില്‍ 14336 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗണേഷ് കുമാറിന്റെ വിജയം.
സർവേയിൽ കെ രാജന് (8.18ശതമാനം) പിഎ മുഹമ്മദ് റിയാസ് (8.26ശതമാനം), കെ എന്‍ ബാലഗോപാല്‍ (7.18ശതമാനം), എംബി രാജേഷ് (7.13ശതമാനം), എന്നിവരും ശ്രദ്ധേയമായ പിന്തുണ നേടിയിട്ടുണ്ട്. സജി ചെറിയാന് (3.51ശതമാനം), വി എന്‍ വാസവന് (3.3ശതമാനം), ജി ആര് അനില്‍ (2.83ശതമാനം), റോഷി അഗസ്റ്റിന് (2.53ശതമാനം), വി അബ്ദുറഹിമാന് (2.26ശതമാനം), വീണ ജോര്‍ജ്ജ് (2.18ശതമാനം), പി പ്രസാദ് (1.17ശതമാനം), ആർ ബിന്ദു (1.17ശതമാനം), ജെ ചിഞ്ചുറാണി (1.04ശതമാനം), കെ കൃഷ്ണന്‍കുട്ടി (0.93), രാമചന്ദ്രന് കടന്നപ്പള്ളി (0.47ശതമാനം), എ കെ ശശീന്ദ്രന് (0.17ശതമാനം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാർക്ക് ലഭിച്ച പിന്തുണ. അതേസമയം സർവ്വേയില്‍ പങ്കെടുത്ത 14.31 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
റിപ്പോർട്ടർ ടിവി ഓണ്‍ലൈന്‍ ഇലക്ഷന് സർവേ
കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന് സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.
Content Highlights: Reporter Election Survey Result best ministers in Kerala