ആഗോള അയ്യപ്പ സംഗമം: കണക്കുകളിലെ വെെരുദ്ധ്യം ആയുധമാക്കി കോൺഗ്രസ്, റീഓഡിറ്റിങ് നടത്താൻ ദേവസ്വം ബോർഡ്

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളും ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് റീഓഡിറ്റിങ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റിങിൽ നല്‍കിയ കണക്കില്‍ പിശകുകള്‍ സംഭവിച്ചെന്ന ആരോപണം ശക്തമായതോടെയാണ് റീഓഡിറ്റിങ് നടത്താൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും. ഓഡിറ്റിങ്ങിൽ ഉദ്യോഗസ്ഥരെ പഴിചാരുന്ന നിലപാടാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്.

നന്ദഗോവിന്ദം ഭജന്‍സിന്‍റെ ഗാനമേള സംബന്ധിച്ചുൾപ്പെടെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ ചെലവും ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിശകാണെന്നും ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയത്. കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തിയെന്നും എന്നാല്‍ ബില്ലുകള്‍ മാറിയ വിവരം ഉദ്യോഗസ്ഥര്‍ ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി പൂര്‍ത്തിയാക്കിയ ശേഷമുള്ള ബില്ലുകളും കണക്കുകളും വച്ച് റീഓഡിറ്റിങ് നടത്താന്‍ ഒരുങ്ങുന്നത്.

കണക്കുകളില്‍ പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ മാസം 17ന് വിശദമായ പരിശോധന നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് ഇന്നലെ പറഞ്ഞിരുന്നു. കരാറെടുത്ത സ്ഥാപനത്തിന്റെയും ഓഡിറ്റിങ് നടത്തിയ സ്ഥാപനത്തിന്റെയും പ്രതിനിധികളെ വിളിച്ചുവരുത്താനും രേഖകള്‍ പരിശോധിക്കാനുമായിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കോണ്‍ഗ്രസടക്കം ആയുധമാക്കാന്‍ ശ്രമിച്ചതോടെ റീഓഡിറ്റിങ് നടത്താനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കണക്കുകള്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ചെലവിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവന്നത്. ദേവസ്വം കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 4.99 കോടി രൂപയാണ് ശബരിമല സ്വര്‍ണക്കൊള്ളയുടെ മൊത്തം ചെലവ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 10.99 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് ചെലവ് വന്നു എന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സംഗമത്തിന്റെ സംഘാടനത്തിനായി മൂന്ന് കോടി രൂപ മാത്രമാണ് ചെലവായത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്തിന്റെ പ്രതികരണം. ഈ വൈരുദ്ധ്യങ്ങള്‍ക്ക് മറുപടി നല്‍കാനും കൃത്യമായ കണക്കുകള്‍ ബോധ്യപ്പെടുത്താനുമാണ് റീഓഡിറ്റിങ് നടത്തുന്നത് എന്നാണ് പുറത്തുവരുന്ന സൂചന.

Content Highlight; Following the controversies, the Travancore Devaswom Board has decided to re-examine the figures from the Global Ayyappa Sangamam. The decision has been taken to conduct a re-audit as there were errors in the figures submitted for auditing.

To advertise here,contact us