പത്തനംതിട്ട: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സമർപ്പിച്ച ജെബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ്മ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. ലോകപ്രശസ്തമായ മാരാമൺ കൺവെൻഷന്റെ 131-ാമത് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർത്തോമ്മ അധ്യക്ഷൻ.
റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഇച്ഛാശക്തി കാട്ടണമെന്ന് അദേഹം പറഞ്ഞു. മത അധ്യാപകർക്ക് ക്ഷേമനിധി എന്ന നിർദ്ദേശവുമായി സർക്കാർ വരുന്നെന്നും ഇതേക്കുറിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം എന്താണെന്ന് അറിഞ്ഞിരിക്കണമെന്നും പറഞ്ഞു. മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള നീക്കം സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പിൻവാതിൽ നീക്കമാകരുതെന്നും അദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് വിമർശനങ്ങൾ കേൾക്കുന്ന, മതവർഗീയതയെ എതിർക്കുന്ന സർക്കാരുകളെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഗൗരവത്തോടെ വിനിയോഗിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. വോട്ടും ശബ്ദവും നിലപാടും ദൈവരാജ്യ മൂല്യങ്ങളാൽ നയിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ വർത്തമാനകാല സാഹചര്യങ്ങളിൽ വലിയ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മണിപ്പൂർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ പുതിയ സർക്കാർ വന്നെങ്കിലും ഇപ്പോഴും ആശങ്കയുണ്ട്. വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ന്യൂനപക്ഷ വേട്ട കേരളത്തിൽ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങൾ രാജ്യത്ത് ആക്രമിക്കപ്പെടുന്നുവെന്ന് ഒഡീഷ സംഭവം ചൂണ്ടിക്കാട്ടി മാർത്തോമാ സഭ അധ്യക്ഷൻ ഓർമ്മിപ്പിച്ചു. ക്രിസ്മസ് ദിനത്തിലെ അക്രമത്തിന്റെ അലയൊലി കേരളത്തിൽ പോലും കേട്ടു. എല്ലാ മനുഷ്യർക്കും തുല്യനീതി ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തെ ലഹരി വ്യാപനത്തെയും മദ്യനയത്തെയും മെത്രാപ്പോലീത്ത രൂക്ഷമായി വിമർശിച്ചു. ബാറുകളുടെ എണ്ണം വർദ്ധിക്കുന്നതും മദ്യവിൽപ്പന കുതിച്ചുയരുന്നതും ആശങ്കാജനകമാണ്. രാസലഹരി കേസുകൾ വർദ്ധിക്കുമ്പോഴും അത് തടയേണ്ടവർ നിസ്സംഗത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധ്യാപകർക്ക് കുട്ടികളെ പേടിയാണെന്ന അവസ്ഥയിലേക്ക് വിദ്യാലയങ്ങൾ മാറിയെന്നും കുട്ടി കുറ്റവാളികളെ നേരിടാൻ നിയമ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളുടെ ലൈക്ക് സംസ്കാരത്തെയും തെറ്റായ വാർത്താ രീതികളെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
Content Highlights: Marthoma Sabha President demands implementation of JB Koshy report