കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ വഴിത്തിരിവ്. കളമശ്ശേരി എച്ച്എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് മരിച്ചത് സൂരജ് ലാമയാണെന്ന് വ്യക്തമായിരിക്കുന്നത്. മരിച്ചത് സൂരജ് ലാമയാണെന്ന് സ്ഥിരീകരിച്ച വിവരം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് മുൻഭാഗത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സൂരജ് ലാമയുടെ ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നിരിക്കുന്നത്. സൂരജ് ലാമയുടെ തിരോധാനത്തിൽ സിഐഎസ്എഫിനെയും കേരള പൊലീസിനെയും അടക്കം വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സൂരജ് ലാമയെ കൊല്ലാന്‍ വിട്ടുവെന്നും ഒരു പ്രമുഖനെയാണ് കാണാതായതെങ്കില്‍ ഇത്തരത്തിലാകുമോ നടപടികളെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ഓര്‍മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ ഒക്ടോബര്‍ ആറിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബര്‍ 10ന് രാത്രിയോടെ എന്‍ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സാന്റന്‍ ലാമ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അച്ഛനെ കണ്ടെത്താന്‍ കഴിയാത്തതിന് പിന്നാലെ സാന്റന്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്കി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന്‍ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയില്‍ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം. ഓഗസ്റ്റില്‍ കുവൈത്തിലുണ്ടായ മദ്യ ദുരന്തത്തിലാണ് ലാമയ്ക്ക് ഓര്മ നഷ്ടപ്പെട്ടതെന്ന് മകന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Content Highlight; The body found near Kalamassery HMT has been confirmed to be that of Suraj Lama.