വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം, വി ഡി സതീശന് അഭിവാദ്യങ്ങൾ; പെരുന്നയിൽ ഫ്ളക്സ്

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ സംഘടനകളുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്

കോട്ടയം: പെരുന്നയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ഉയര്‍ന്നു. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ളക്‌സില്‍ കുറിച്ചിരിക്കുന്നത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ പേരിൽ എന്‍എസ്എസ് ആസ്ഥാനത്തിന് സമീപമാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടത്. പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ ഇത്തരത്തില്‍ ഫ്‌ളക്‌സ് വെക്കാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വി ഡി സതീശന്റെ വാക്കുകള്‍ വ്യാപക ശ്രദ്ധ നേടിയിരുന്നു. ഐക്യം ഇന്നലെ പാളിയതോടെയാണ് സതീശന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight; Flex supports VD Satheesan on behalf of KSU, Youth Congress and Seva Dal

To advertise here,contact us