തിരുവനന്തപുരം: പാര്ട്ടിയെ തുടര്ച്ചയായി വെട്ടിലാക്കുന്ന ശാസ്തമംഗലം വാര്ഡ് കൗണ്സിലർ ആര് ശ്രീലേഖയുടെ പ്രവൃത്തിയില് ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തിലെ എംഎല്എ ഓഫീസ് ഒഴിയണമെന്ന് ആര് ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില് ഇടപെടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. പാര്ട്ടിയോട് ആലോചിക്കാതെ വിവാദമുണ്ടാക്കിയെന്ന വിമര്ശനവും ഉയരുകയാണ്. തിരുവനന്തപുരം കോര്പ്പറേഷനില് അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ബിജെപിക്ക് തലവേദനയുണ്ടാക്കുന്നതായിരുന്നു ആര് ശ്രീലേഖയുടെ പ്രവര്ത്തികള്.
വട്ടിയൂര്ക്കാവ് എംഎല്എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട സംഭവത്തിൽ കോര്പ്പറേഷനും വെട്ടിലായിരിക്കുകയാണ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് കോർപ്പറേഷൻ ഭരണം കിട്ടിയ തിരുവനന്തപുരത്ത് അധികാരമേറ്റ് രണ്ട് ദിവസങ്ങൾക്കകം തന്നെ വിവാദം സൃഷ്ടിച്ചത് പാർട്ടിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. വട്ടിയൂര്ക്കാവ് നിയസഭാ സീറ്റ് നല്കാമെന്ന പാര്ട്ടിയുടെ ഓഫറിനോടും ശ്രീലേഖ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിലും ബിജെപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ കൗണ്സില് ഹാളില് നിന്ന് ശ്രീലേഖ ഇറങ്ങി പോയ സംഭവത്തിലും പാര്ട്ടിയില് വിമര്ശനമുണ്ട്.
അതേസമയം എംഎല്എ ഓഫീസ് ഒഴിയാനുള്ള ആര് ശ്രീലേഖയുടെ ആവശ്യത്തെ രാഷ്ട്രീയ അവസരമാക്കിയിരിക്കുകയാണ് സിപിഐഎം. സംഭവത്തിന് പിന്നാലെ സിപിഐഎം പ്രവര്ത്തകര് രൂക്ഷ വിമര്ശനവുമായി രംഗത്തെത്തിയിരുന്നു. കോര്പ്പറേഷന് കെട്ടിടത്തിന്റെ പൂര്ണ ഉത്തരവാദിത്വം കോര്പ്പറേഷന് കൗണ്സിലിനാണ്. പിന്നെ എങ്ങനെ ആര് ശ്രീലേഖ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാന് പറയും എന്ന ചോദ്യത്തില് ഉത്തരം മുട്ടിയിരിക്കുകയാണ് ബിജെപിക്കും ശ്രീലേഖയ്ക്കും. സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാമോ എന്ന് ചോദിച്ചതെന്ന വാദം ശ്രീലേഖ മുന്നോട്ടുവച്ചെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല. സംഭവം കൈവിട്ട് പോയെന്ന തിരിച്ചറിവിലാണ് വി കെ പ്രശാന്തിനെ തണുപ്പിക്കാനുള്ള ശ്രമവും ശ്രീലേഖയുടെ ഭാഗത്ത് നിന്നുണ്ടായത്.
അധികാരമേറ്റ് രണ്ട് ദിവസങ്ങള് മാത്രം പിന്നിട്ടപ്പോള് തന്നെ നേതൃത്വത്തെ വെട്ടിലാക്കിയതിലും സിപിഐഎമ്മിന് രാഷ്ട്രീയ ആയുധം നല്കിയതിലും ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. മേയറുമായോ പാര്ട്ടി നേതൃത്വവുമായോ ചര്ച്ച നടത്താതെയുള്ള ശ്രീലേഖയുടെ നടപടി അപക്വമെന്നാണ് പാര്ട്ടിയുടെ വിലയിരുത്തല്.
ഓഫീസ് വിഷയം വലിയ വിവാദമായതോടെ തര്ക്കത്തില് നിന്നും ആര് ശ്രീലേഖ പിന്നോട്ട് പോവുകയായിരുന്നു. വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില് തുടരുന്നതില് തനിക്ക് പ്രശ്നമില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. എംഎല്എ ഓഫീസിലെത്തി പ്രശാന്തിനെ നേരിട്ട് കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.
ശനിയാഴ്ചയാണ് എംഎല്എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്സിലര് ആര് ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തിലെ എംഎല്എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗണ്സിലറായ ശ്രീലേഖയുടെ ആവശ്യം. എംഎല്എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം. എന്നാല് വാടക കരാര് അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിക്കുകയായിരുന്നു. തന്റെ കാലാവധി മൂന്ന് മാസം കൂടി ബാക്കിയുണ്ടെന്ന് എംഎല്എ മറുപടിയും നല്കിയിരുന്നു.
Content Highlight; R Sreelekha’s Self-Goal Becomes a Headache for BJP as CPM Seizes the Moment