തൃശൂര്: മറ്റത്തൂരില് തെരഞ്ഞെടുപ്പില് വിജയിച്ചതിന് ശേഷം കൂടെ നില്ക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടതായി മറ്റത്തൂരില് കോണ്ഗ്രസില് നിന്ന് എല്ഡിഎഫിലേക്ക് പോയ കെ ആര് ഔസേപ്പ്. സ്വതന്ത്രരുടെ പിന്തുണ കോണ്ഗ്രസിന് ആവശ്യമായിരുന്നുവെന്നും ബിജെപി നമ്മളോടൊപ്പം നില്ക്കുമെന്ന് കോണ്ഗ്രസ് നേതാക്കള് പറഞ്ഞെന്നും കെ ആര് ഔസേപ്പ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഡിസിസി ജനറല് സെക്രട്ടറി ടി എം ചന്ദ്രന് ആണ് കൂടെ നില്ക്കാന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വര്ഗീയ ശക്തികളോടൊപ്പം കൂട്ടുകൂടില്ലെന്ന് താന് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
താന് നിലവില് ഒരു കോണ്ഗ്രസുകാരന് അല്ലെന്നും ദീര്ഘകാലമായി കോണ്ഗ്രസുകാരനായിരുന്നുവെന്നും കെ ആര് ഔസേപ്പ് പറഞ്ഞു. സീറ്റ് നിര്ണയവുമായി ബന്ധപ്പെട്ടാണ് പാര്ട്ടിയില് നിന്ന് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്നെ കുറിച്ച് കുപ്രചരണം നടത്തുന്നു. ഞാന് നിലവില് ഒരു കോണ്ഗ്രസുകാരന് അല്ല. സ്വതന്ത്രന് ആയിട്ടാണ് മത്സരിച്ചത്. സ്വതന്ത്രന് ആയിട്ട് തന്നെയാണ് നോമിനേഷന് നല്കിയത്. കുട ചിഹ്നത്തിലാണ് മത്സരിച്ചത്. എനിക്കെതിരെ നിന്നതില് പ്രധാനി ബിജെപി സ്ഥാനാര്ത്ഥി ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ ഉള്പ്പടെ പിന്തുണയിലാണ് വിജയിച്ചത്', ഔസേപ്പ് പറഞ്ഞു.
ബിജെപിയുടെ പിന്തുണയില് വരുന്ന ഭരണസമിതിയില് പ്രസിഡന്റ് ആക്കാമെന്നായിരുന്നു കോണ്ഗ്രസ് വാഗ്ദാനം. താന് അതിനു വഴങ്ങിയില്ല. ടി എം ചന്ദ്രന് ബിജെപിയിലേക്ക് പോകാന് നില്ക്കുന്ന ആളാണെന്നും മറ്റത്തൂരില് നിരവധി കോണ്ഗ്രസുകാര് ബിജെപിയിലേക്ക് പോകുമെന്നും ഔസേപ്പ് പറഞ്ഞു. മറ്റത്തൂരില് നേരത്തെ തന്നെ ബിജെപി - കോണ്ഗ്രസ് ഡീല് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ബിജെപിയുടെ ഉറപ്പ് നേരത്തെ തന്നെ കോണ്ഗ്രസ് അംഗങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്. എല്ഡിഎഫുമായി സഹകരിക്കാന് ഞാന് സ്വയം തീരുമാനിച്ചതാണ്. ഇടതുപക്ഷവുമായി സഹകരിച്ചു പോകും. ഒരു കോണ്ഗ്രസ് എംഎല്എയുടെ അളിയന് മറ്റത്തൂരില് ബിജെപിക്ക് വേണ്ടി പ്രവര്ത്തിച്ചു. ടി എം ചന്ദ്രന് വൈകാതെ ബിജെപിയില് പോകും', ഔസേപ്പ് പറഞ്ഞു.
അതേസമയം ടി എം ചന്ദ്രന് ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. മുന് കോണ്ഗ്രസ് അംഗങ്ങള് രാജിവെയ്ക്കില്ല എന്നും ബിജെപിയുമായി സഹകരിച്ചുപോകുമെന്നും ഡിസിസി ജനറല് സെക്രട്ടറി ടി എം ചന്ദ്രന് വിശദീകരിച്ചിരുന്നു. കോണ്ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള ഗൂഢതന്ത്രമാണ് മറ്റത്തൂരില് കണ്ടതെന്നും ടി എം ചന്ദ്രന് പറഞ്ഞിരുന്നു. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില് ബിജെപി കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു.
ഡിസിസി അധ്യക്ഷന് പച്ചക്കള്ളം പറയുകയാണ്. അംഗങ്ങള്ക്ക് വിപ്പ് നല്കിയെന്നുള്ളത് ശരിയല്ല. ഡിസിസി ചിഹ്നം നല്കിയ മൂന്ന് സ്ഥാനാര്ത്ഥികളും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണില് മത്സരിച്ച ശേഷം കോണ്ഗ്രസ് പാര്ട്ടി നേതൃത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്ഗ്രസ് യോഗത്തില് പങ്കെടുത്ത കെ ആര് ഔസേപ്പിനെ സിപിഐഎം വിലയ്ക്കെടുക്കുകയായിരുന്നു. ഔസേപ്പ് കാലുമാറുമെന്ന് അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്ത്ഥിയാക്കിയത്. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില് ബിജെപി കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ടി എം ചന്ദ്രന് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
Content Highlights: Local Body Election K R Ousepp reaction on Mattathur