ഭാര്യയ്ക്ക് അദ്ധ്യക്ഷ സ്ഥാനം നല്‍കിയില്ല; എല്‍ദോസ് കുന്നപ്പിള്ളിയുടെ ഓഫീസ് ഒഴിപ്പിച്ച് ഭര്‍ത്താവ്

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നഗരസഭ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ ഓഫീസ് കെട്ടിടം ഒഴിയേണ്ട അവസ്ഥ ഉണ്ടാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്.

അദ്ധ്യക്ഷയാകുമെന്ന് കരുതിയ വനിതാ കൗണ്‍സിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എംഎല്‍എ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ധ്യക്ഷ സ്ഥാനം തന്റെ ഭാര്യയ്ക്ക് ലഭിക്കാതെ പോയതോടെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഒരു മാസം മുന്‍പാണ് ഈ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ കെട്ടിടത്തിലെ ബോര്‍ഡുകള്‍ മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനാണ് സമീപത്താണ് ഈ കെട്ടിടം.

ഭാര്യയ്ക്ക് അദ്ധ്യക്ഷ പദവി ലഭിക്കാതിരുന്നതോടെ ഇന്ന് തന്നെ കെട്ടിടം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎല്‍എ ഓഫീസ് മാറ്റുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നഗരസഭ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മൂന്ന് വനിതകളാണ് അദ്ധ്യക്ഷ പദവിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഇതോടെ ഡിസിസി ഇടപെട്ട് വോട്ടെടുപ്പ് നടത്തിയാണ് നഗരസഭ ചെയര്‍പേഴ്‌സണെ തീരുമാനിച്ചത്. സംഗീത കെ എസ് ആണ് ചെയര്‍പേഴ്‌സണ്‍. 16 വോട്ട് ആണ് സംഗീത നേടിയത്. ആദ്യ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ആനി മാത്യു ചെയര്‍പേഴ്‌സണ്‍ ആവും.

To advertise here,contact us