കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ വൈകാരിക കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ പിന്തുണയുമായി നടനും അഭിഭാഷകനുമായ സി ഷുക്കൂര്. അതിജീവിതയ്ക്ക് ഒപ്പം സിനിമ ചെയ്യാന് ഭാഗ്യമുണ്ടായെന്നും അപ്പോഴെല്ലാം അവര് അനുഭവിച്ച കൊടിയ അതിക്രമങ്ങളെ കുറിച്ചും കേസിനെ കുറിച്ചുമായിരുന്നു അവര്ക്ക് പറയാനുണ്ടായിരുന്നതെന്നും ഷുക്കൂര് ഫേസ്ബുക്കില് കുറിച്ചു. അതിഗുരുതരമായ ട്രോമയില് കൂടി കടന്നാണ് അതിജീവിത പൊലീസില് പരാതി നല്കാന് തയ്യാറായതെന്നും ഷുക്കൂര് പറഞ്ഞു.
'അവര്ക്ക് രണ്ട് ഓപ്ഷനുകള് ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് പൊലീസില് പരാതി നല്കുക, രണ്ടാമത്തേത് മിണ്ടാതിരിക്കുക. ഈ രണ്ട് കാര്യങ്ങളില് ഏത് സ്വീകരിച്ചാലും അക്രമികള് റെക്കോര്ഡ് ചെയ്ത വീഡിയോ അവരുടെ കൈയ്യില് ഉണ്ട്. അത് ഏത് സമയത്തും പുറത്തുവരാം. അത്തരം ഒരു അതിഗുരുതരമായ ട്രോമയില് കൂടി കടന്നാണ് അവര് പൊലീസില് പരാതി പറയാന് തയ്യാറായത്. ആ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണ്', ഷുക്കൂര് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പിന്നീട് നടന്ന സംഭവ വികാസങ്ങളെ കുറിച്ചും ഷുക്കൂര് കുറിക്കുന്നു. ആ ക്രൂര കൃത്യം അടങ്ങുന്ന പെന്ഡ്രൈവ് കിട്ടുവാന് ദിലീപ് സുപ്രീം കോടതി വരെ പോയതും അയാള്ക്ക് അത് നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി നിലപാട് സ്വീകരിച്ചതും നിയമ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിധിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
'കേരളത്തിലെ മനുഷ്യര് എന്ന നിലയില് നാം ധീരയായ ആ പോരാളിയോടൊപ്പം തന്നെ നില്ക്കണം, അവരുടെ ഓരോ ചുവടുവെപ്പിനും നമ്മള് പിന്തുണ നല്കണം. അവര്ക്ക് നീതി ലഭിച്ചെന്ന് അവര് കരുതുന്നതുവരെ അവര്ക്ക് നീതി ലഭിച്ചില്ലെന്ന് തന്നെയാണ് അര്ത്ഥം. അവര്ക്കെതിരെ പേട്ടന് വേണ്ടി ഒളിയുദ്ധം നടത്തുന്നവര് മനുഷ്യ സമൂഹത്തോടാണ് ഒളിയുദ്ധം ചെയ്യുന്നതെന്ന് നാം തിരിച്ചറിയണം. അവര് ആ നശിച്ച ദിവസത്തെ അനുഭവങ്ങള് ഓര്ക്കുമ്പോള് തന്നെ കണ്ണുകളില് തീ ആളുന്നത് നമുക്കു കാണാന് കഴിയും', സി ഷുക്കൂര് പറയുന്നു.
നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോയെന്ന അതിവൈകാരികമായ കുറിപ്പ് അതിജീവിത ഇന്ന് പങ്കുവെച്ചിരുന്നു. കേസിലെ രണ്ടാം പ്രതി മാര്ട്ടിന്റെ
വീഡിയോയ്ക്കെതിരെയായിരുന്നു അതിജീവിതയുടെ പ്രതികരണം. ഒരു അക്രമം നടന്നപ്പോള് ഉടന് പൊലീസില് പരാതിപ്പെട്ടതാണ് താന് ചെയ്ത തെറ്റെന്നും അന്ന് സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ഒന്നും പറയാതെ ഇരിക്കണമായിരുന്നുവെന്നും അതിജീവിത കുറിക്കുന്നു.
കേസിലെ പ്രതിയായ മാര്ട്ടിന് അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില് തൃശ്ശൂര് സൈബര് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മാര്ട്ടിന്. നിലവില് വിയ്യൂര് സെന്ട്രല് ജയിലില് ശിക്ഷാ തടവുകാരന് ആണ്. മാര്ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്കിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു.
Content Highlights: Actress Attack Case C Shukkur support victim