വിഭാഗീയത അവസാനിപ്പിക്കാനായില്ല; മലപ്പുറത്ത് ഒരു വാർഡിൽ യുഡിഎഫിന് ഒമ്പത് സ്ഥാനാർത്ഥികള്‍

പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സംഭവം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഒരു വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കുത്തൊഴുക്ക്. യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സംഭവം.

കോൺഗ്രസിൽനിന്ന് ഏഴ് പേരും ലീഗിൽനിന്ന് രണ്ട് പേരുമാണ് പത്രിക സമർപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും തീരുമാനമായില്ല. വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങുൽ.

മുൻ മെമ്പർമാരായ ലത്തീഫ് കൂട്ടാലുങ്ങൽ, കെ പി സക്കീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ അബ്ദുറഹ്‌മാൻ, കെഎസ്‌യു പ്രവർത്തകൻ നാസിം സിദാൻ, യൂത്ത് കോൺഗ്രസ് ഭാരവാഹി ഹമീദ് പാറശ്ശേരി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ കെ ഇസ്മായീൽ, കോൺഗ്രസ് പ്രവർത്തകനായ അബ്ദുറഷീദ്, യൂത്ത് ലീഗ് പ്രവർത്തകൻ കെ വൈ റഹീം, മുസ്‌ലിം ലീഗ് പ്രവർത്തകൻ ചിങ്ങൻ മുസ്തഫ എന്നിവരാണ് മത്സരരംഗത്തുള്ളത്.

Content Highlights: nine udf candidates at one ward at malappuram

To advertise here,contact us