UDF സ്ഥാനാർത്ഥിയായി ജയിച്ചു, LDFനെ പിന്തുണച്ച് വൈസ് പ്രസിഡന്റായി; കൂറുമാറ്റം വിനയായി സൂസിമോളുടെ പത്രിക തള്ളി

പാർട്ടിവിട്ടുള്ള കൂറുമാറ്റമാണ് സൂസി മോളുടെ തെരഞ്ഞെടുപ്പ് സ്വപ്‌നത്തിന് വിലങ്ങായത്

പാറശ്ശാല: സൂക്ഷ്മ പരിശോധനയിൽ പത്രികതള്ളിയവരുടെ കൂട്ടത്തിൽ കാരോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും. വടൂർക്കോണം വാർഡിൽ സ്വതന്ത്രയായി ജനവിധി തേടാനിരുന്ന സൂസി മോളുടെ പത്രികയാണ് തള്ളിയത്. പാർട്ടിവിട്ടുള്ള കൂറുമാറ്റമാണ് സൂസി മോളുടെ തെരഞ്ഞെടുപ്പ് സ്വപ്‌നത്തിന് വിലങ്ങായത്.

കാരോട് ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണസമിതിയിലെ വടൂർക്കോണം വാർഡ് അംഗവും കാരോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സൂസിമോൾ. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ ഉത്തരവ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പത്രിക തള്ളിയത്.

കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് പഞ്ചായത്തിലെത്തിയ സൂസി മോൾ 2023 ഡിസംബറിൽ കാരോട് പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും കോൺഗ്രസ് ജില്ലാ നേതൃത്വം നൽകിയ വിപ്പ് ലംഘിച്ച് എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. തുടർന്നുവന്ന ഭരണസമിതിയിൽ സൂസിമോൾക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം പഞ്ചായത്ത് അംഗം കാന്തള്ളൂർ സജിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കഴിഞ്ഞമാസം സൂസി മോളെയും കൂറുമാറിയ മറ്റ് നാലുപേരെയും അയോഗ്യരാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. എന്നാൽ ഈ സ്റ്റേ ഉത്തരവ് നിലവിലുള്ള സ്ഥാനം തുടരുന്നതിന് മാത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത നിലനിൽക്കുകയാണെന്നും വ്യക്തമാക്കിയാണ് സൂസി മോളുടെ പത്രിക തള്ളിയത്. ഇടതും യുഡിഎഫും സീറ്റ് നൽകാതെ വന്നതോടെ സൂസി മോൾ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു

Content Highlights : karode panchayath vice president election nomination rejected

To advertise here,contact us