'അടുത്ത വിക്കറ്റും പോയി, ഇനി സ്റ്റമ്പ് തെറിക്കാൻ പോകുന്നത് കടകംപള്ളി സുരേന്ദ്രൻ'; പരിഹസിച്ച് അബിനും റോജിയും

'വാസുവിൽ നിന്ന് വാസവനിലേക്ക് അധിക ദൂരം ഇല്ല. അമ്പലക്കള്ളന്മാർ ആണ് സിപിഐഎം' എന്ന് അബിൻ വർക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. 'സ്വർണ്ണം പണ്ടേ വീക്‌നെസ് ആണ്. കട്ടവരും കൂട്ട് നിന്നവരും ഒക്കെ അകത്താകും' എന്നാണ് അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കൊപ്പം എ പത്മകുമാർ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക്കിൽ എംഎൽഎയുടെ പ്രതികരണം.

അടുത്ത വിക്കറ്റും പോയി എന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ പ്രതികരണം. 'അടുത്ത വിക്കറ്റും പോയി. പത്മകുമാർ അറസ്റ്റിൽ. പറഞ്ഞത് ഒന്നും മാറുന്നില്ല. ഇനി സ്റ്റമ്പ് തെറിക്കാൻ പോകുന്നത് കടകംപള്ളി സുരേന്ദ്രൻ. വാസുവിൽ നിന്ന് വാസവനിലേക്ക് അധിക ദൂരം ഇല്ല. അമ്പലക്കള്ളന്മാർ ആണ് സിപിഐഎം. സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് അബിൻ വർക്കിയുടെ കുറിപ്പ്.

കേസില്‍ ഇനി ചോദ്യം ചെയ്യേണ്ടത് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. കേസില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ ക്രിമിനല്‍ക്കേസ് കൊടുക്കാന്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തില്ല. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും കെ സുധാകരൻ എംപിയും പറഞ്ഞിരുന്നു. എ പത്മകുമാറിന് തട്ടിപ്പ് നടത്താൻ പിന്തുണ ആയത് പിണറായിയുടെ സഹായമാണ്.നെറികെട്ട കൊള്ളയാണ് ശബരിമലയിൽ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്‍. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്ഐടി നിഗമനം.

Content Highlights: sabarimala gold theft case; congress leaders reaction

To advertise here,contact us