കുന്ദമംഗലം : വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതയ്ക്ക് ഇസ്ലാമിൽ ഇടമില്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർകസ് ഖുർആൻ ഫെസ്റ്റിവൽ (എംക്യുഎഫ്) മൂന്നാമത് എഡിഷന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹിസ്ഫോടനം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്രശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയിൽ ദാറുൽ മുസ്തഫ സെക്ടർ 273 പോയിന്റോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഖൽഫാൻ സെക്ടർ, മദാർ സെക്ടർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കുള്ള എംക്യുഎഫ് പ്ലാറ്റിനം അവാർഡിന് മുഹമ്മദ് മാവൂരും സുവർണപുരസ്കാരത്തിന് മുഹമ്മദ് ബിഷ്ർ രണ്ടത്താണിയും തെരഞ്ഞെടുക്കപ്പെട്ടു.
സമാപനസംഗമത്തിൽ അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷനായി. ശൈഖ് മെഹ്ദി അബൂബക്കർ അൽ ഹാമിദ് മുഖ്യാതിഥിയായി. ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സമദ് സഖാഫി, ഉസ്മാൻ മുസ്ല്യാർ, യഹിയ നഈമി മൂന്നാക്കൽ, ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, സയ്യിദ് ഉവൈസ് സഖാഫി, ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു.
Content Highlight : The Quran teaches peace, there is no place for terrorism in Islam; Kanthapuram AP Abubakar Musliyar